SignIn
Kerala Kaumudi Online
Wednesday, 07 October 2026 12.49 AM IST

ലേ​ഖ അം​ബു​ജാ​ക്ഷ​ന് വിട

ph-1

ചെറുപുഴ: ആത്മവിശ്വാസം കൊണ്ട് കാൻസറിനെ അതിജീവിക്കാൻ ശ്രമിച്ചതിനൊപ്പം സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ അതിജീവന യാത്രയും അനുഭവങ്ങളും പങ്കിട്ട് കാൻസർ രോഗികൾക്ക് ആത്മധൈര്യം പകർന്ന തിരക്കഥാകൃത്തും ഗാനരചയിതാവുമായ ലേഖ അംബുജാക്ഷന് വിട. കാൻസറിനെതിരെ രണ്ടര വർഷത്തെ ചെറുത്തു നിൽപ്പിനൊടുവിലാണ് ലേഖ അംബുജാക്ഷൻ (44) മരണത്തിന് കീഴടങ്ങിയത്.

തന്റെ രോഗാവസ്ഥ, കടന്നു വന്ന വഴികൾ, രോഗവേളകളിൽ ആത്മവിശ്വാസത്തോടു കൂടിയുള്ള ജീവിതം എന്നിവ സമൂഹ മാദ്ധ്യമങ്ങളിലൂടെ ലേഖ പലപ്പോഴായി വിവരിച്ചിരുന്നു. കാൻസർ രോഗ ബാധിതരായി എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിരവധി പേർക്ക് ഇവരുടെ സമൂഹമാദ്ധ്യമ വിവരണം ആത്മവിശ്വാസവും ഇച്ഛാശക്തിയോടെ രോഗത്തോടു പൊരുതാനുള്ള കരുത്ത് പകരുകയും ചെയ്തു.

ഹ്രസ്വ ചിത്രങ്ങളിലൂടെയും ഡോക്യുമെന്ററിയിലൂടെയും ലേഖ അംബുജാക്ഷൻ ശ്രദ്ധേയയായിരുന്നു. ഇവർ നാഗാലാൻഡിലെ ഗോത്രജനതയെക്കുറിച്ച് തയാറാക്കിയ ഡോക്യുമെന്ററി ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ലേഖ ചലച്ചിത്രമേഖലയിലേക്ക് കടന്നത്. 2019ൽ പുറത്തിറങ്ങിയ പരിസ്ഥിതി പ്രാധാന്യമുളള 'മുട്ടായിക്കള്ളനും മമ്മാലിയും' എന്ന സിനിമയുടെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം എന്നിവ ചെയ്തത് ലേഖയാണ്. ലേഖയുടെ ജീവിതപങ്കാളി അംബുജാക്ഷനായിരുന്നു സംവിധാനം. പിന്നീട് നിരവധി ഷോർട്ട് ഫിലിമുകളും ആക്ഷേപ ഹാസ്യ പരമ്പരകളും ഇവരുടേതായി പുറത്തിറങ്ങി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഏതാനും ദിവസം മുമ്പാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

ഭർത്താവ്: അംബുജാക്ഷൻ നമ്പ്യാർ (സിനിമാ സംവിധായകൻ). മക്കൾ: ആദികേശ്, അതിഥി (ഇരുവരും വിദ്യാർഥികൾ, പയ്യന്നൂർ പി.ഇ.എസ് വിദ്യാലയം). സഹോദരി: സിന്ധു (ബംഗളൂരു). സംസ്കാരം പെരിങ്ങോം പഞ്ചായത്ത് ശ്മശാനത്തിൽ നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA