SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.04 AM IST

ഒത്താശ പൊളിഞ്ഞു ; ജഡ്ജി രണ്ടാം പ്രതി, തട്ടുകടക്കാരനെ കാറിടിച്ച് കൊന്ന ജഡ്ജിപുത്രനെതിരെ നരഹത്യയ്‌ക്ക് കേസ്

cars
പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധം

കൊച്ചി: ഒരു കുടുംബത്തിന്റെ അഭയമായിരുന്ന തട്ടുകടക്കാരനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ ജഡ്ജിപുത്രനെ രക്ഷിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പിതാവായ ജഡ്‌ജിയെയും പ്രതി ചേർത്ത് കേസെടുത്തു.

കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ശക്തമായ പ്രതിഷേധം. മാദ്ധ്യമങ്ങളുടെ കർക്കശമായ ഇടപെടൽ. നിയമസഭയിൽ വിമർശനം. ആഭ്യന്തരമന്ത്രിയുടെ അതൃപ്തി. ഇതെല്ലാമാണ് കള്ളക്കളിക്ക് താത്ക്കാലിക തടയിട്ടത്. 17കാരനായ പ്ലസ്ടു വിദ്യാർത്ഥി പുലർച്ചെ ബെൻസ് കാറിൽ 100 കിലോമീറ്രറിലേറെ വേഗത്തിൽ പാ‌ഞ്ഞാണ് ഗൃഹനാഥന്റെ ജീവനെടുത്തത്. 17കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതിനു പിന്നാലെയാണ് പിതാവിനെതിരെയും കേസെടുത്തത്. മോട്ടോർ വാഹനാപകട നഷ്‌പരിഹാര കേസുകൾ പരിഗണിക്കുന്ന അഡിഷണൽ ജില്ല ജഡ്‌ജിയെയാണ് പ്രതി ചേർത്ത് എഫ്.ഐ.ആർ പരിഷ്‌കരിച്ചത്.കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയിൽ

അപേക്ഷ നൽകുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. 17 കാരൻ മണിക്കൂറിൽ 100 കിലോമീറ്ററിലേറെ വേഗത്തിൽ കാറോടിച്ചതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. യാത്രയ്‌ക്കിടെ മൊബൈലിൽ ചിത്രീകരിച്ച ദൃശ്യത്തിൽ വേഗതയുടെ വിവരങ്ങളുമുണ്ട്.

മക്കളുടെ സമരം രാത്രിയും

ജയബാലകൃഷ്‌ണന്റെ (55) മക്കളായ ഭദ്രകീർത്തി, ഭാഗ്യ ദർശൻ എന്നിവർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുമ്പിൽ ആരംഭിച്ച ധർണ രാത്രിവരെ തുടർന്നു. ജഡ്‌ജിയെ അറസ്‌റ്റ് ചെയ്യുക, സസ്‌പെൻഡ് ചെയ്യുക,​ 17കാരന്റെ ജാമ്യം റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്. ഇന്നലെ രാത്രിയോടെ മുഖ്യമന്ത്രി വി.‌ഡി.സതീശൻ ഇവരെ ബന്ധപ്പെട്ട് എ.ഡി.ജി.പി പി.വിജയൻ ഇന്ന് സ്ഥലത്തെത്തുമെന്ന് അറിയിച്ചു. തുടർന്ന് സമരം അവസാനിപ്പിച്ചതായി ബന്ധുക്കൾ പറഞ്ഞു.

ജഡ്ജിയെ സസ്പെൻഡ്

ചെയ്തേക്കും

ജഡ്ജിയെ സസ്‌പെൻഡ് ചെയ്‌തേക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന അഞ്ചംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം. നടപടിയാവശ്യപ്പെട്ട് തൃശൂർ ജില്ലാ ജുഡിഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയതായും സൂചനയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDGESON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA