
മട്ടന്നൂർ (കണ്ണൂർ): ഉളിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഉളിക്കൽ മാട്ടറ കാലാങ്കി കയ്യുന്നിപാറയിലെ തോമസിന്റെ ഭാര്യ കെ.ടി. ബീന (48),തോമസിന്റെ സഹോദരിയുടെ മകനും മംഗളൂരുവിൽ താമസക്കാരനുമായ എ.എ. ലിജോ (37) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന തോമസ്,മകൻ ആൽബിൻ എന്നിവരെ പരിക്കുകളോടെ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 8.10ഓടെ ഉളിയിൽ പാലത്തിന് സമീപമായിരുന്നു അപകടം. തോമസ്-ബീന ദമ്പതികളുടെ മകനായ ആൽബിന്റെ 11ന് നടക്കുന്ന ഒത്തുകല്യാണത്തിനും 18ന് നടക്കുന്ന വിവാഹത്തിനും പങ്കെടുക്കാനെത്തിയതായിരുന്നു ലിജോ. എറണാകുളത്ത് നിന്ന് വിവാഹ വസ്ത്രമുൾപ്പെടെയുള്ളവ വാങ്ങിയ ശേഷം തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരിട്ടിയിൽ നിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ലക്ഷ്യ ബസും മട്ടന്നൂർ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാർ ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബീനയും ലിജോയും മരിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തെ തുടർന്നു മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
മംഗളൂരുവിലെ ആനത്താരക്കൽ അപ്പച്ചൻ-ലിസാമ്മ ദമ്പതികളുടെ മകനാണ് മരിച്ച ലിജോ. ഭാര്യ:ശ്രേയ. മകൾ:ലിയോണ.
മരിച്ച ബീനയുടെ സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് കാലാങ്കി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. ലിജോയുടെ സംസ്കാരം പിന്നീട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |