SignIn
Kerala Kaumudi Online
Friday, 23 October 2026 5.48 PM IST

നിറവും സുഗന്ധവും ഇഷ്ടപ്പെട്ട ഭാവഗായകൻ

jayachandran

കോഴിക്കോട്: സംഗീതത്തെ ആത്മാവിൽ കൊണ്ടുനടന്ന ഭാവഗായകൻ ജയചന്ദ്രൻ ഹൃദയത്തിൽ കൊണ്ടുനടന്ന മറ്റ് ഇഷ്ടങ്ങളുമുണ്ടായിരുന്നു. അല്പം കടുംനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് അവയിലൊന്ന്. കളർ മുണ്ടുകളോടും ജീൻസിനോടും അതേപ്രേമം. ഊദ് അടക്കമുള്ള സുഗന്ധദ്രവ്യങ്ങളോടും താത്പര്യമായിരുന്നു. ദോശയോടുമുണ്ടായിരുന്നു പ്രത്യേക ഇഷ്ടം. ഇവയ്ക്കെല്ലാം സ്ഥാനം സംഗീതത്തിന് താഴെയാണെന്നു മാത്രം.

പൊതുവെ എല്ലാത്തിനെയും ഇഷ്ടപ്പെടാൻ ശ്രമിക്കുന്ന പ്രകൃതമാണെങ്കിലും ഇടയ്ക്ക് മൂഡ് മാറും. അടുപ്പമുള്ളവർക്ക് അതറിയാം. പുതുതലമുറയിലെ ചിലരു‌ടെ ആലാപനശെെലിയിൽ അദ്ദേഹം തൃപ്തനായിരുന്നില്ല. ഇക്കാര്യം തുറന്നുപറയുകയും പിണങ്ങുകയും ചെയ്തിട്ടുണ്ട്. സംഗീതത്തെ അതിന്റെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.

1973ലായിരുന്നു ജയചന്ദ്രന്റെ വിവാഹം. തന്നെ മനസിലാക്കി ഒപ്പം നിൽക്കുകയും താങ്ങാകുകയും ചെയ്തത് ഭാര്യ ലളിതയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അമ്പലപ്രാവ് എന്ന സിനിമയിലെ 'കുപ്പായക്കീശ മേൽ കുങ്കുമപ്പൊട്ടു കണ്ട് കൂട്ടുകാരനെന്നെ കളിയാക്കി" എന്ന പാട്ടാണ് ലളിതയ്ക്ക് ഏറ്റവും ഇഷ്ടം. ബാബുക്കയും ഭാസ്കരൻ മാഷും ചേർന്നാണ് ആ പാട്ട് ഒരുക്കിയത്. അതേ സിനിമയിലെ ജാനകിയമ്മ പാടിയ 'താനേ തിരിഞ്ഞും മറിഞ്ഞും" എന്ന പാട്ടാണ് ഹിറ്റ്. എന്നിട്ടും എന്തുകൊണ്ട് ആ പാട്ട് ഇഷ്ടപ്പെട്ടുവെന്ന് ജയചന്ദ്രൻ ഭാര്യയോട് ചോദിച്ചിരുന്നില്ല. ഭാര്യയുടെ ഓഹരിയായി കിട്ടിയ തൃശൂർ പൂങ്കുന്നത്തെ വീട് ഭാര്യാപിതാവിന്റെ ബഹുമാനാർത്ഥം കാത്തുസൂക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

എന്നും പഠിതാവ്

ലീലാമ്മയോട് വലിയ ആരാധനയും ബഹുമാനവുമായിരുന്നു അദ്ദേഹത്തിന്. 1965ലാണ് അവരുടെ റെക്കാഡിംഗ് ജയചന്ദ്രൻ കണ്ടത്. തനിക്ക് പാട്ടുള്ളപ്പോഴും ഇല്ലാത്തപ്പോഴും ചെന്നെെയിൽ ലീലാമ്മയുടെ റെക്കാഡിംഗ് കാണാൻ അദ്ദേഹം പോയിരുന്നു. ഓരോ സ്റ്റുഡിയോകളിലും കയറിയിറങ്ങും. ഓരോയിടത്തു നിന്നും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടെന്ന് ജയചന്ദ്രൻ കരുതിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA