
തിരുവനന്തപുരം: പകുതിവില തട്ടിപ്പു കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് നാലിലേക്ക് മാറ്റി. നാലാം തവണയാണ് കേസ് മാറ്റുന്നത്. കണ്ണൂർ പൊലീസ് 3തവണയും റിപ്പോർട്ട് ഹാജരാക്കാതിരുന്നതിനാലാണ് കേസ് മാറ്റിയത്. കോടതി നിർദ്ദേശം പൊലീസ് തുടർച്ചയായി അവഗണിക്കുകയാണ്. ഇത് നാലാം തവണയാണ് പൊലീസിനോട് കോടതി റിപ്പോർട്ട് ആവശ്യപ്പെടുന്നത്. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കഴിഞ്ഞ 13ന് ഹാജരാക്കാനായിരുന്നു ആദ്യം നിർദ്ദേശിച്ചിരുന്നത്. അന്ന് ഹാജരാക്കാത്തതിനാൽ 18ലേക്ക് മാറ്റുകയായിരുന്നു. അന്നും ഹാജരാക്കാത്തതിനാൽ 27ലേക്ക് മാറ്റി. സംസ്ഥാനമാകെ 1000കോടി തട്ടിപ്പു നടത്തിയ കേസിലാണ് പൊലീസിന്റെ ഈ ഉപേക്ഷ.
കണ്ണൂർ ടൗൺ പൊലീസ് എടുത്ത കേസിൽ കണ്ണൂർ എസ്.പിയെ എതിർ കക്ഷിയാക്കിയാണ് മുൻകൂർ ജാമ്യാപേക്ഷ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി എ. മോഹനന്റെ പരാതിയിലാണ് കേസ്. ആനന്ദകുമാർ രണ്ടാം പ്രതിയാണ്. അനന്തുകൃഷ്ണനാണ് ഒന്നാംപ്രതി. 7പ്രതികളുണ്ട്. വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സീഡ് സൊസൈറ്റിയിലെ അംഗങ്ങൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെന്നാണ് പരാതി. ഡോ. ബീന സെബാസ്റ്റ്യൻ, ഷീബ സുരേഷ്, സുമ.കെ.പി, ഇന്ദിര, കോൺഗ്രസ് നേതാവ് ലാലി വിൻസെന്റ് എന്നിവരെയും പ്രതികളാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |