SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.30 AM IST

തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ വാർഡ് നിർണയം ഈ മാസം

local-body-election-resul

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡ് നിർണ്ണയം ഈ മാസം നടത്തും.

ഡിസംബറിലാണ് തിരഞ്ഞെടുപ്പ്.

നറുക്കെടുപ്പിലൂടെയാണ് സംവരണ വാർഡുകൾ നിശ്ചയിക്കുക. 2015ലെയും 2020ലെയും തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി സംവരണമുണ്ടായിരുന്ന വാർഡുകളെ നറുക്കെടുപ്പിൽനിന്ന് ഒഴിവാക്കും. വാർഡ് പുനർവിഭജനത്തിലൂടെ പുതുതായി രൂപീകരിച്ച വാർഡിൽ നിലവിലുള്ള സംവരണ വാർഡിലെ 50 ശതമാനത്തിൽ കൂടുതൽ ജനസംഖ്യയുണ്ടെങ്കിൽ അത് നിലവിലുള്ള സംവരണ വാർഡായി കണക്കാക്കും. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവർഗ സ്ത്രീ, പട്ടികജാതി, പട്ടികവർഗം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങൾക്കാണ് തദ്ദേശ വാർഡുകളിൽ സംവരണമുള്ളത്.

സ്ത്രീകൾക്ക് ഓരോ തദ്ദേശ സ്ഥാപനത്തിലും 50 ശതമാനവും പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് ജനസംഖ്യയ്ക്ക് ആനുപാതികമായുമാണ് സംവരണം നിശ്ചയിക്കുക. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകളിൽ 50 ശതമാനം അതത് വിഭാഗത്തിലെ സ്ത്രീകൾക്കായും സംവരണം ചെയ്യും. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളിലെ വാർഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തുന്നത് അതത് ജില്ലാകളക്ടറാണ്. മുനിസിപ്പാലിറ്റികളിൽ തദ്ദേശ ജില്ലാ ജോയിന്റ് ഡയറക്ടറും കോർപ്പറേഷനുകളിൽ തദ്ദേശ അർബൻ ഡയറക്ടറുമാണ് .

തദ്ദേശ തിരഞ്ഞെടുപ്പിൽ നിലവിൽ നിശ്ചയിച്ചതിനേക്കാൾ പോളിങ് ബൂത്തുകൾ കൂടും. കരട് വോട്ടർ പട്ടികയനുസരിച്ച് 30,759 പോളിങ് ബൂത്തുകളാണ് കമ്മീഷൻ നിശ്ചയിച്ചിരുന്നത്. അന്തിമ വോട്ടർ പട്ടികയിൽ 16,34,207 വോട്ടർമാർ കൂടി.ആകെ 2,83,12,463 പേരായി.

പഞ്ചായത്തുകളിൽ ഒരു വാർഡിൽ 1,200 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത്, മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 1,500 വോട്ടർമാർക്ക് ഒരു പോളിങ് ബൂത്ത് എന്ന നിലയിലുമാകും ക്രമീകരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA