SignIn
Kerala Kaumudi Online
Friday, 23 October 2026 6.57 PM IST

ദുരന്തത്തിൽ നടുങ്ങി മാവേലിക്കര, യാത്രകൾ സംഗീതിന് ഹരം

accident

മാവേലിക്കര: വിനോദയാത്രകൾ ഹരമാക്കിയ മാവേലിക്കര മറ്റം തെക്ക് സോമ സദനത്തിൽ സംഗീത് സോമനും (42) സുഹൃത്ത് മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരിയും (37)ഉൾപ്പടെ നാലുപേർ പീരുമേടിന് സമീപം കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചത് വിശ്വസിക്കാനാകാതെ നാട്ടുകാർ. തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘത്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങളിലേക്ക് എത്തിയത് കൂട്ടദുരന്തത്തിന്റെ വാർത്തയാണ്.

മാവേലിക്കര ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സർവീസിലെ സ്ഥിരം യാത്രക്കാരാണ് അപകടത്തിൽപ്പെട്ടതിൽ അധികവും.

തട്ടാരമ്പലത്ത് എസ് ആൻഡ് എസ് മൊബൈൽ ഷോപ്പ് നടത്തുന്ന മറ്റം തെക്ക് സോമ സദനത്തിൽ സോമനാഥൻ പിള്ള- വിജയകുമാരി ദമ്പതികളുടെ മകൻ സംഗീത് യാത്ര ഹരമാക്കിയ ആളാണ്. നല്ലൊരു ഗായകനും യാത്രാ ആസ്വാദകനും കൂടിയായതിനാൽ വിനോദ യാത്രകൾക്ക് സുഹൃത്തുക്കളടക്കം സംഗീതിനെ എപ്പോഴും കൂട്ടിയിരുന്നു.

രാമപുരം കേന്ദ്രീകരിച്ചുള്ള ദേവി കുത്തിയോട്ട സമിതിയിലെ കുമ്മിപ്പാട്ടുകാരനാണ് സംഗീത്. ചിങ്ങോലിയിലെ ഒരുകുത്തിയോട്ട ചടങ്ങിൽ നിന്നാണ് തഞ്ചാവൂരിലേക്ക് തിരിച്ചത്. വലിയകുളങ്ങര, ചെട്ടികുളങ്ങര ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ച് കുത്തിയോട്ട പരിപാടികൾക്ക് പാടാനേറ്റിരിക്കെയാണ് വേർപാട്. സംഗീത് അപകടത്തിൽപ്പെട്ടതറിയാതെ രാവിലെ മാവേലിക്കരയിലെ സ്കൂളിലേക്ക് പോയ മക്കളെ പിന്നീട് മരണമറിഞ്ഞെത്തിയ ആൾക്കൂട്ടത്തിനിടയിലൂടെ തിരികെ വീട്ടിലെത്തിച്ചത് കൂട്ടക്കരച്ചിലിനിടയാക്കി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.

അമ്മയെ അറിയിച്ചില്ല

അരുണിന്റെ വേർപാട്

അരുൺഹരിക്കൊപ്പം അമ്മ റിട്ട.തപാൽ ജീവനക്കാരി രാധാദേവിയും സംഘത്തിലുണ്ടായിരുന്നു. അരുണിന്റെ സഹോദരി ദീപയ്ക്ക് വേണ്ടി ബുക്ക് ചെയ്ത ടിക്കറ്റിൽ അസൗകര്യം കാരണമാണ് രാധാദേവി പകരക്കാരിയായത്. ബസ് അപകടത്തിൽ ഇരുവർക്കും പരിക്കേറ്റെന്ന് അറിഞ്ഞാണ് അരുണിന്റെ അച്ഛൻ റിട്ട. മൃഗസംരക്ഷണ വകുപ്പ് സൂപ്രണ്ട് ഹരിഹരൻപിള്ള കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. മകനെ നഷ്ടമായതറിഞ്ഞത് പിന്നീടാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം അരുണിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റ രാധാദേവി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ മരിച്ച വിവരം അമ്മയെ ഇതുവരെ അറിയിച്ചിട്ടില്ല. സംസ്കാരം പിന്നീട്. മാവേലിക്കരയിൽ നിന്നുള്ള വിനോദ യാത്രാ സംഘത്തിലെ അംഗങ്ങളാണ് മരിച്ച രമാമോഹനും ബിന്ദുഉണ്ണിത്താനും. രമയുടെ ഭർത്താവ് മോഹനൻ നായർക്കും പരിക്കുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA