
തിരുവനന്തപുരം: പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥികൾക്ക് വിനോദയാത്രയ്ക്ക് അവസരമൊരുക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പുമായി കൈകോർക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇതിനായി ടൂറിസം ക്ളബുകളുടെ സഹായം പ്രയോജനപ്പെടുത്തും.
നിയമസഭാ പുസ്തകോത്സവത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി നടത്തിയ സംവാദത്തിനിടെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനി ലക്ഷ്‌മി പാർവതിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി. പണമില്ലാത്തതു കാരണം വിനോദയാത്ര നടത്താനാവാത്ത തന്റെ സഹപാഠികളുൾപ്പെടെ പാവപ്പെട്ട കുട്ടികൾക്ക് അതിനുള്ള അവസരം നൽകാമോയെന്ന് ചോദിച്ച വിദ്യാർത്ഥിനിയെ മന്ത്രി അഭിനന്ദിച്ചു.
ചൂരൽമല ദുരന്തത്തെ വയനാട് ദുരന്തമാക്കാൻ ശ്രമിച്ചത് ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. ബുക്ക് ചെയ്ത മുറികൾ ആളുകൾ ക്യാൻസൽ ചെയ്യുന്ന സ്ഥിതിയുണ്ടായി.ചൂരൽമല വയനാട്ടിലെ ഒരു സ്ഥലമാണ്. സോഷ്യൽ മീഡിയയിലെ ഇത്തരം ഹാഷ് ടാഗുകൾ ടൂറിസത്തെ ദോഷകരമായി ബാധിക്കരുത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ടോയ്ലറ്റ് സൗകര്യങ്ങൾ അന്തർദേശീയ നിലവാരത്തിലേക്കുയർത്താൻ നടപടി തുടങ്ങി. ഹൈവേകളിൽ നിശ്ചിത പോയിന്റിനിടയിൽ വിശ്രമ കേന്ദ്രങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള ടൂറിസത്തിന്
വലിയ സാദ്ധ്യത
വെൽനെസ് ടൂറിസത്തിന് ഏറ്റവും സാദ്ധ്യതയുള്ള നാടാണ് കേരളമെന്ന് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. നിലവിലെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം. റിസോർട്ട് നടത്തൽ മാത്രമല്ല ടൂറിസം. നമ്മുടെ രുചികൾ ഉൾപ്പെടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്താനാവണം. നിരവധി കൗതുകങ്ങളും അത്ഭുതങ്ങളുമുള്ള നാടാണ് കേരളം. അവ പ്രയോജനപ്പെടുത്താനായാൽ ഓരോ ഗ്രാമീണന്റെയും ഉപജീവനമാർഗമാകും. 148 രാജ്യങ്ങളിൽ സഞ്ചരിച്ച താൻ തിരിച്ച് പറക്കുന്ന നാടായ കേരളമാണ് തന്റെ പ്രിയപ്പെട്ട നാടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |