
റായ്പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ സുരക്ഷാസേന 22 മാവോയിസ്റ്റുകളെ വധിച്ചു. കൊല്ലപ്പെട്ടവരിൽ ഒരാൾ വനിതയാണ്. തെലങ്കാന-ഛത്തീസ്ഗഢ് അതിർത്തിയിൽ കരേഗുട്ട കുന്നുകൾക്ക് സമീപമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇതോടെ ഏപ്രിൽ 21 മുതൽ പ്രദേശത്ത് നടന്നുവരുന്ന ഓപ്പറേഷനിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് 303 റൈഫിൾ കണ്ടെടുത്തിട്ടുണ്ട്. വൻ ആയുധശേഖരവും കണ്ടെത്തിയിട്ടുണ്ട്.
കരേഗുട്ട കുന്നിൻ പ്രദേശങ്ങളിലെ വനത്തിൽ ഇന്നലെ രാവിലെയാണ് വെടിവയ്പ് ആരംഭിച്ചത്. ഓപ്പറേഷൻ തുടരുകയാണ്. ബസ്തർ മേഖലയിൽ ആരംഭിച്ച ഏറ്റവും വലിയ കലാപ വിരുദ്ധ നടപടികളിലൊന്നായി കണക്കാക്കപ്പെടുന്ന ഓപ്പറേഷൻ സങ്കൽപ്പിൽ, ജില്ലാ റിസർവ് ഗാർഡ് (ഡി.ആർ.ജി), ബസ്തർ ഫൈറ്റേഴ്സ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്), സംസ്ഥാന പൊലീസിന്റെ യൂണിറ്റുകൾ, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് (സി.ആർ.പി.എഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര എന്നിവയുൾപ്പെടെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഏകദേശം 24,000 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |