
കൊച്ചി: സ്തനാർബുദ ചികിത്സയ്ക്കായി 'റിബോസിക്ലിബ്' എന്ന വിലകൂടിയ മരുന്നിന് പകരം കുറഞ്ഞവിലയുള്ള 'പാൽബൊസിക്ലിബ്' ഉപയോഗിക്കാനാകുമോ എന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഡൽഹി എയിംസിന്റെ ഭാഗമായ ദേശീയ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് നിർദ്ദേശം നൽകിയത്. 'പാൽബൊസിക്ലിബ്' പകരമായി ഉപയോഗിക്കാനാകുമോ എന്നത് നിശ്ചയിക്കേണ്ടത് ചികിത്സിക്കുന്ന ഡോക്ടറാണെന്ന് തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്റർ (ആർ.സി.സി) അറിയിച്ചു. തുടർന്നാണ് ദേശീയ സ്ഥാപനങ്ങളുടെ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ നിർദ്ദേശിച്ചത്.
സ്തനാർബുദ ബാധിത നൽകിയ ഹർജി അവർ മരിച്ചതിനെത്തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഹൈക്കോടതി സ്വമേധയ പരിഗണിക്കുകയായിരുന്നു. നിലവിൽ രോഗികൾക്ക് ഒരു മാസത്തെ ചികിത്സയ്ക്കായി ഏകദേശം 58,000 രൂപ ചെലവ് വരും. അതിനാൽ ഇക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ ആവശ്യമാണെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. സ്തനാർബുദ ചികിത്സയ്ക്കായി പേറ്റന്റ് കാലാവധി കഴിഞ്ഞ 'പാൽബൊസിക്ലിബ്' എന്ന മരുന്ന് വിലക്കുറവിൽ ലഭ്യമാകുന്നുണ്ടെന്ന് കേന്ദ്ര സർക്കാരടക്കം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇത് 'റിബോസിക്ലിബ്' മരുന്നിന് പകരമായി ഉപയോഗിക്കാനാകില്ലെന്ന് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കേസിൽ കക്ഷിചേരാനുള്ള മലപ്പുറം സ്വദേശിനിയായ രോഗബാധിതയുടെ അപേക്ഷ കോടതി അനുവദിച്ചു. വിഷയത്തിൽ വേഗത്തിൽ തീർപ്പുണ്ടാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഹർജി സെപ്തംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |