കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും അന്തസിന്റെയും ചരിത്രത്തിലെ പുതിയ അദ്ധ്യായം രചിച്ച 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതി സെപ്തംബർ 22ന് 100 ദിവസം പൂർത്തിയാക്കുകയാണ്. അധികാരത്തിലേറിയ ഉടൻ യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി സാധാരണക്കാരായ സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് ഗതാഗത മന്ത്രി സി പി ജോൺ വ്യക്തമാക്കി.
ജൂൺ 15 മുതൽ സെപ്തംബർ 19വരെയുള്ള 97 ദിവസം പദ്ധതിയിലൂടെ 12.54 കോടി സൗജന്യ യാത്രകളാണ് നടന്നത്. ഇക്കാലയളവിൽ 266.53 കോടി രൂപയുടെ ടിക്കറ്റുകൾ യാത്രക്കാർക്ക് സൗജന്യമായി നൽകി. പ്രതിദിനം ശരാശരി 12.93 ലക്ഷംപേർ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ആഴ്ചയിൽ 11.08 ലക്ഷമായിരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണം 13-ാം ആഴ്ചയിലെത്തിയപ്പോൾ 13.93 ലക്ഷമായി ഉയർന്നു. 25.7 ശതമാനം വർദ്ധന. ആദ്യ ആഴ്ചയിലെ പ്രതിദിന ടിക്കറ്റ് മൂല്യം 2.36 കോടിയിൽനിന്ന് പതിമൂന്നാം ആഴ്ചയിൽ 2.95 കോടിയായി. ടിക്കറ്റ് മൂല്യത്തിൽ 25.1ശതമാനത്തിന്റെ വർദ്ധന. മാസങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കിൽ ജൂണിൽ പ്രതിദിനം 12.12 ലക്ഷംപേർ യാത്ര ചെയ്തു. ജൂലായിൽ 13.62 ലക്ഷമായും സെപ്തംബറിൽ 19-ാം തീയതിവരെ 13.99 ലക്ഷമായും ഉയർന്നു. ആഗസ്റ്റിൽ 12 ലക്ഷമായിരുന്നു പ്രതിദിന ശരാശരി.
പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്ക് രേഖപ്പെടുത്തിയത് സെപ്തംബർ ഏഴിനാണ്. അന്ന് 15,52,761 ആളുകൾ യാത്ര ചെയ്തപ്പോൾ പ്രിയദർശിനി ടിക്കറ്റ് മൂല്യം 3.29 കോടി രൂപ. ജൂലായ് ആറിലെ 15.28 ലക്ഷമെന്ന റെക്കാഡാണ് തിരുത്തപ്പെട്ടത്.
ഓർഡിനറി ബസുകളിലെ ആകെ യാത്രക്കാരിൽ സൗജന്യ യാത്രക്കാരുടെ വിഹിതം ആദ്യ ആഴ്ചയിലെ 62 ശതമാനത്തിൽ നിന്നും നിലവിൽ 68.9 ശതമാനമായി ഉയർന്ന് സ്ഥിരത കൈവരിച്ചു. സൗജന്യ യാത്രക്കാരുടെ വർദ്ധനവ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവരെ ബാധിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
ഓർഡിനറി സർവീസുകളിലെ പുരുഷ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ പ്രതിദിന ശരാശരിയായ 6.09 ലക്ഷത്തിൽനിന്നും പതിമൂന്നാം ആഴ്ചയിൽ 6.19 ലക്ഷമായി സ്ഥിരമായി തുടരുകയാണ്. അൽപം വർദ്ധനവാണ് ഉണ്ടായത്. എല്ലാ സർവീസുകളിലുമായുള്ള ആകെ യാത്രക്കാരുടെ എണ്ണം ആദ്യ ആഴ്ചയിലെ 24.66 ലക്ഷത്തിൽ നിന്നും 27.63 ലക്ഷമായി വർദ്ധിച്ചു. 12.1 ശതമാനം വർദ്ധന.
The Priyadarshini free bus travel scheme for women in Kerala is completing 100 days on September 22. According to Transport Minister P. C. John, the scheme recorded 12.54 crore free journeys during its first 97 days, with free tickets worth ₹266.53 crore issued to passengers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |