SignIn
Kerala Kaumudi Online
Friday, 23 October 2026 9.24 PM IST

വീഴല്ലേ പൊന്നേ...

1

തൃശൂർ/ചാലക്കുടി: മയക്കുവെടിയേറ്റ് മയങ്ങിനിന്ന കാട്ടുക്കൊമ്പന്റെ അടുത്തേക്ക് അവൻ ഓടിയെത്തി. തന്റെ തുമ്പിക്കൈ കൊണ്ട് കൊമ്പന്റെ തുമ്പിക്കൈ ചേർത്തുപിടിച്ചു. വീഴാതിരിക്കാൻ മസ്തകം കൊണ്ട് താങ്ങി. തല കൊമ്പന്റെ ചെവിയോട് ചേർത്തു. അതേ നിൽപ്പിൽ അല്പനേരം. മയങ്ങിയ കൊമ്പൻ മുട്ടുകുത്തി താഴേക്കു വീണു. എന്നിട്ടും അവൻ പിന്മാറിയില്ല. ആപത്തിൽ തന്റെ കൂട്ടുകാരനെ ചേർത്തുപിടിച്ച ഏഴാറ്റുമുഖം ഗണപതി എന്ന കൊമ്പന്റെ സ്നേഹം കണ്ടുനിന്നവരുടെ കണ്ണു നനച്ചു.

മസ്തകത്തിൽ മുറിവേറ്റ് അവശനായ കൊമ്പനെ ചികിത്സിക്കാൻ അതിരപ്പിള്ളി കാലടി പ്ലാന്റേഷനിൽ വച്ച് മയക്കുവെടി വച്ചപ്പോഴാണ് ഏഴാറ്റുമുഖം ഗണപതി ഓടിയെത്തിയത്. മയക്കുവെടിയേറ്റ് കൊമ്പൻ വീണിട്ടും ഗണപതി മാറാതെ നിന്നതോടെ റബർ ബുള്ളറ്റ് ഉപയോഗിച്ച് വെടിയുതിർത്തു. വെടിശബ്ദം കേട്ട് ഓടുമ്പോഴും വീണ് കിടക്കുന്ന സുഹൃത്തിനെ ഒന്ന് തിരിഞ്ഞു നോക്കി. ഗണപതിയും സമീപപ്രദേശങ്ങളിൽ നിലയുറപ്പിച്ചിരുന്ന പത്തോളം കാട്ടാനകളും ദൂരേയ്ക്ക് മാറിയെന്ന് ഉറപ്പായതോടെയാണ് കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിലേക്ക് കയറ്റിയത്.

മസ്കകത്തിൽ മുറിവേറ്റ കൊമ്പനൊപ്പം ദിവസങ്ങളായി ഗണപതിയും ഒപ്പമുണ്ടായിരുന്നു. പലപ്പോഴും ഏഴാറ്റുമുഖം ഗണപതി ഈ ഭാഗത്ത് ഇറങ്ങാറുണ്ട്. ആരേയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. നാട്ടുകാർ തന്നെയാണ് ഈ പേര് നൽകിയത്.

മുറിവേറ്റ കൊമ്പന്

ചികിത്സ തുടങ്ങി

ദിവസങ്ങളോളം ഉറക്കമിളച്ച് കാത്തിരുന്ന ശേഷമാണ് ദൗത്യസംഘത്തിന് ഇന്നലെ രാവിലെ 7.15ന് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വയ്ക്കാനായത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്. തുടർന്ന് മരുന്നുകൾ കുത്തിവച്ചു. ശരീരം തണുപ്പിക്കുന്നതിന് വെള്ളം പമ്പ് ചെയ്തു. കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ച് ആനിമൽ ആംബുലൻസിലേക്ക് കയറ്റി കോടനാട്ടെത്തിച്ചു. കൊമ്പന്റെ മസ്തകത്തിലെ മുറിവിന് 30 സെന്റിമീറ്ററോളം ആഴമുണ്ട്. പുഴുവരിച്ച മുറിവ് പഴുപ്പ് നിറഞ്ഞ അവസ്ഥയിലാണ്.

ജനുവരി 11നാണ് മുറിവേറ്റ് കാട്ടാനയെ പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടത്. കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റത്. 24ന് ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചത്. ഉച്ചയോടെ കോടനാട് (കപ്രിക്കാട്) അഭയരാണ്യത്തിൽ എത്തിച്ചശേഷം മുറിവ് ഉണങ്ങാനുമുള്ള മരുന്നുകൾ നൽകി. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്. വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DDD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA