
തൃശൂർ: 1980ൽ രൂപീകൃതമായ ഡി.വൈ.എഫ്.ഐയിൽ ആദ്യ വനിതാ അദ്ധ്യക്ഷയായി ചരിത്രം കുറിച്ചിരിക്കയാണ് ചിന്ത ജെറോം. എസ്.എഫ്.ഐയിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ചിന്ത കൊല്ലം ഏരിയാ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും കേന്ദ്രകമ്മിറ്റി അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. 2007 - 2008ൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്‌സണായി. കേരള സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
23ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016ൽ സി.പി.എം പ്രതിനിധി സംഘത്തോടൊപ്പം ചൈനയും 2025ൽ ക്യൂബയും സന്ദർശിച്ചു. 2019ൽ ജർമ്മനിയിലെ ബോണിൽ ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ കോൺക്ലേവിൽ യുവജന കമ്മിഷൻ ചെയർപേഴ്‌സണെന്ന നിലയിൽ പങ്കെടുത്തു. 2016 മുതൽ 2023 വരെ യുവജന കമ്മിഷൻ ചെയർപേഴ്‌സണായിരുന്നു.
അദ്ധ്യാപക ദമ്പതികളായ സി.ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായ ചിന്ത കൊല്ലം സ്വദേശിയാണ്. ഫാത്തിമമാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എയും എം.എയും പാസായി. തുടർന്ന് ബി.എഡും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |