
കൊച്ചി: നടൻ ദിലീപിന് ശബരിമല ദർശനം നടത്താൻ അനർഹമായ സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയും ഭക്തരെ തടസപ്പെടുത്തുകയും ചെയ്തതിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വംബോർഡ് സെക്രട്ടറിയുടെ റിപ്പോർട്ട് തേടി. ശബരിമല സ്പെഷ്യൽ കമ്മിഷണറും ബുധനാഴ്ച റിപ്പോർട്ട് സമർപ്പിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സന്നിധാനത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു.
എല്ലാ തീർത്ഥാടകരെയും തുല്യരായി കണ്ട് സുഗമമായ ദർശനം ഉറപ്പാക്കണം.
ഡിസംബർ 5ന് ഹരിവരാസനം പാടുന്ന സമയത്ത് രാത്രി 10:58:24നായിരുന്നു ദിലീപിന്റെയും കൂട്ടരുടെയും സന്ദർശനം. ഇതിന് സെക്കൻഡുകൾക്ക് മുമ്പ് ആദ്യ വരിയിലൂടെ കടന്നുവന്ന തീർത്ഥാടകരെ ഇരുവശത്തും ദേവസ്വം ഗാർഡുകൾ തടയുന്നത് തുറന്നകോടതിയിൽ കാണിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. 7 മിനിറ്റ് 11 സെക്കൻഡ് കഴിഞ്ഞാണ് ദിലീപ് മടങ്ങിയത്. ഭക്തർ നീങ്ങുന്നതിന് എതിർദിശയിൽ നിന്നാണ് നടൻ എത്തിയത്. പരിസരത്ത് പൊലീസ് ഉണ്ടായിരുന്നെങ്കിലും ഇടപെട്ടില്ല.
സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്ന് ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസി. എക്സിക്യുട്ടീവ് ഓഫീസർ, ഭക്തരെ തടഞ്ഞ ഗാർഡുമാരായ ബിജു ബോസ്, ഷൈൻ. ടി. രാജ് എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മറുപടി കിട്ടിയാൽ തുടർ നടപടിയെടുക്കുമെന്നും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |