വാഷിംഗ്ടൺ: ബഹിരാകാശത്തുനിന്ന് റഷ്യയുടെ സോയൂസ് എം.എസ്-26 പേടകം ഇന്നലെ ഭൂമിയിൽ തിരിച്ചിറങ്ങിയപ്പോൾ ഒരു വിസ്മയംകൂടി ഉണ്ടായി. അതിലെ സഞ്ചാരിയായ ഡോൺ പെറ്റിറ്റിന് എഴുപതാം പിറന്നാളായിരുന്നു ഇന്നലെ. ബഹിരാകാശത്തുനിന്ന് പറന്നിറങ്ങവേ പെറ്റിറ്റിന് പിറന്നാൾ ആശംസ അറിയിക്കാൻ നാസ മറന്നതുമില്ല.
അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയുടെ ഏറ്റവും പ്രായമേറിയ ബഹിരാകാശ സഞ്ചാരിയാണ് പെറ്റിറ്റ്. ബഹിരാകാശത്തെത്തിയ പ്രായം കൂടിയ സഞ്ചാരിയെന്ന റെക്കാഡ് 77 -ാം വയസിൽ നാസയുടെ ഡിസ്കവറി ദൗത്യത്തിന്റെ ഭാഗമായ ജോൺ ഗ്ലെന്നിനാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 220 ദിവസം ചെലവഴിച്ച ശേഷമാണ് പെറ്റിറ്റ് ഭൂമിയിൽ തിരിച്ചെത്തിയത്.
റഷ്യൻ സഞ്ചാരികളായ അലക്സി ഒവ്ചിനിൻ, ഇവാൻ വാഗ്നർ എന്നിവരും മടക്കയാത്രയിലുണ്ടായിരുന്നു. നിലയത്തിൽ നിന്ന്, യൂണിവേഴ്സൽ സമയക്രമ പ്രകാരം ശനിയാഴ്ച രാത്രി 9.57ന് പുറപ്പെട്ട പേടകം ഇന്നലെ പുലർച്ചെ 1.20ന് കസഖ്സ്ഥാനിലെ പുൽമൈതാനത്ത് സുരക്ഷിതമായി ഇറങ്ങി. കസഖ്സ്ഥാനിൽ അപ്പോൾ രാവിലെ 6.20 ആയിരുന്നു സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |