
ശബരിമല: ടെൻഡർ രേഖകൾ ചോർന്നതിനെ തുടർന്ന്, മണ്ഡല- മകരവിളക്ക് കാലത്തേക്കുള്ള ഇ -ലേലം റദ്ദാക്കിയത് ദേവസ്വം ബോർഡ് മുന്നൊരുക്കങ്ങളെ പ്രതികൂലമായി ബാധിച്ചേക്കും. ഇക്കുറി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി നാളികേരവും പുഷ്പാഭിഷേകവും കടമുറികളും തറയും ഉൾപ്പടെ 233 ഇനങ്ങളിലേക്കാണ് ഇ-ലേലം വിളിച്ചത്. ഇതിൽ 129 ഇനങ്ങൾക്കാണ് വ്യാപാരികൾ ഇ-ടെൻഡർ നൽകിയത്. 19 ഇനങ്ങളുടെ ടെൻഡർ അസാധുവാക്കി. ബാക്കി 110 ഇനങ്ങൾക്കാണ് അംഗീകാരം നൽകിയത്. 28ന് ഇ-ലേലത്തിന് ശേഷം ലേലം സ്ഥിരപ്പെടുത്താനുള്ള നടപടി പുരോഗമിക്കുന്നതിനിടെയാണ് ടെൻഡർ വിവരം ചോർന്നതിനെ തുടർന്ന് ലേല
നടപടി റദ്ദാക്കിയത്. മുൻ വർഷങ്ങളിൽ ഭൂരിപക്ഷം ഇനങ്ങളിലേയും ലേല നടപടികൾ തീർത്ഥാടത്തിന് രണ്ടു മാസം മുമ്പു പൂർത്തിയാക്കുമായിരുന്നു. ലേലം വീണ്ടും നടത്താൻ ആഴ്ചകളുടെ തയ്യാറെടുപ്പ് ആവശ്യമാണ്.
ഇ-ടെൻഡറിനൊപ്പം ഇ-ഓക്ഷൻ ഉൾപ്പെടുത്തിയത് ലേലത്തിന്റെ സുതാര്യത നഷ്ടപ്പെടുത്തിയതായി ശബരിമല വ്യാപാരികൾ പറയുന്നു. ഇ-ഓക്ഷൻ ഉള്ളത് കാരണം ഭൂരിപക്ഷം വ്യാപാരികളും ഇക്കുറി മിനിമം തുകയാണ് (ഒരു രൂപ മുതൽ 500രൂപ വരെ) എഴുതിയത്. മുമ്പ് വ്യാപാരികൾ പരമാവധി തുക ഇ-ടെൻഡറിൽ രേഖപ്പെടുത്തിയിരുന്നു. വ്യാപാരികൾ മിനിമം തുക മാത്രം എഴുതിയത് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു. സമയബന്ധിതമായി ലേല നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ദേവസ്വം ബോർഡിന് മുൻ വർഷങ്ങളിൽ ലഭിച്ചിരുന്ന തുകയിൽ ഭീമമായ കുറവ് വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |