
തിരുവനന്തപുരം: സർവീസിൽ നിന്നും മേയ് മാസത്തിൽ വിരമിച്ചവരുടെ ഒഴിവുകളിലേക്ക് നിയമന നടപടികൾ വൈകരുതെന്ന് ഉദ്യോഗാർത്ഥികൾ. ആയിരങ്ങളാണ് കൂട്ടവിരമിക്കലിന്റെ ഭാഗമായി ഉണ്ടായ ഒഴിവുകളിൽ പ്രതീക്ഷ അർപ്പിക്കുന്നത്. 12,347പേരാണ് മേയിൽ വിരമിച്ചത്. ഇതിൽ ഭൂരിഭാഗവും അദ്ധ്യാപകരാണ്. വർഷങ്ങളായി നിയമനം കാത്തുകഴിയുന്ന ഹൈസ്‌കൂൾ അദ്ധ്യാപക ലിസ്റ്റിലടക്കമുള്ളവർ വലിയ പ്രതീക്ഷയോടെയാണ് ഈ അവസരത്തെ കാണുന്നത്. ആഗസ്റ്റ് 31നകം റദ്ദാക്കാനിരുന്ന ഹൈസ്‌കൂൾ അദ്ധ്യാപക റാങ്ക് ലിസ്റ്റുകളുടെ കാലാവധി സർക്കാർ നവംബർ 30 വരെനീട്ടിയത് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
ഉയർന്ന തസ്തികകളിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥരുടെ ഒഴിവിലേക്ക് സ്ഥാനക്കയറ്റം നൽകിയാൽ മാത്രമേ, എൻട്രി കേഡർ തസ്തികകളിൽ ഒഴിവുകളുണ്ടാകൂ.ആ ഒഴിവുകൾ പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്യുകയും വേണം. എങ്കിൽ മാത്രമേ റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പി.എസ്.സി നിയമന ഉത്തരവ് നൽകാനാവൂ. യുദ്ധകാലാടിസ്ഥാനത്തിൽ ഇത്തരം നടപടികൾ പൂർത്തിയാക്കാൻ കൃത്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം.
മൃഗസംരക്ഷണ വകുപ്പിൽ 14ജില്ലാ ഓഫീസർമാർ അടക്കം നിരവധി വെറ്റിനറി ഓഫീസർമാർ വിരമിച്ചു. 20 അഡീഷണൽ സെക്രട്ടറിമാരടക്കം സെക്രട്ടേറിയറ്റിൽനിന്ന് നൂറിലധികം പേരും തദ്ദേശവകുപ്പിൽ ഇരുനൂറിലധികം പേരുമാണ് വിരമിച്ചത്. എക്സിക്യുട്ടീവ് എൻജിനീയർമാരടക്കം പി.ഡബ്ലിയു.ഡി വകുപ്പിലും റവന്യൂ വകുപ്പിലും മുന്നൂറോളം പേരുടെ ഒഴിവുണ്ടായി. മോട്ടോർ വാഹനവകുപ്പിലും കൃഷി വകുപ്പിലും നൂറിലധികം പേരും വിരമിച്ചു. ഇതിന് ആനുപാതികമായുള്ള നിയമനങ്ങളുണ്ടാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |