
ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ്, ലിബറൽ ആർട്‌സ് മേഖലയിൽ ലോകത്താകമാനം പുത്തൻ മാറ്റങ്ങൾ പ്രകടമാണ്. രാജ്യത്ത് പ്രസ്തുത വിഷയങ്ങളിൽ യു.ജി പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ അഞ്ചു ശതമാനവും ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളിൽ ആറു ശതമാനത്തിന്റെയും വർദ്ധനവുണ്ട്.
സോഷ്യൽ സയൻസ് കോഴ്‌സുകളിൽ ബിരുദ പ്രോഗ്രാമുകളുടെ എൻറോൾമെന്റ് വിലയിരുത്തിയാൽ ബി.എയ്ക്ക് ചേരുന്ന വിദ്യാർത്ഥികൾ റെഗുലർ സ്ട്രീമിൽ 51 ശതമാനവും വിദൂര വിദ്യാഭ്യാസത്തിൽ 75 ശതമാനവും വരും. എം.എയ്ക്കിത് യഥാക്രമം 12 ഉം 42 ശതമാനവുമാണ്. അതായത് രാജ്യത്ത് ബി.എ, എം.എ പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികളാണേറെയും.
ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രപ്പോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, മീഡിയ സ്റ്റഡീസ്, മാസ്സ് മീഡിയ & കമ്മ്യൂണിക്കേഷൻ, ഫിലോസഫി, ഇന്ത്യൻ ഭാഷകൾ, വിദേശ ഭാഷകൾ മുതലായവയാണ് വിദ്യാർത്ഥികൾക്ക് താത്പര്യമുള്ള വിഷയങ്ങൾ.
മാറ്റങ്ങൾ കാലത്തിനനുസരിച്ച്
.................................
കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് ബിരുദ തലത്തിലും മാറ്റങ്ങൾ അവലംബിക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ ഭാഗമായി കോഴ്‌സുകളുടെ കാര്യത്തിലും തൊഴിൽ നൈപുണ്യം ഉറപ്പുവരുത്തുന്നതിലും യു.ജി.സിയും, സർവ്വകലാശാലകളും പദ്ധതികൾ ആവിഷ്‌കരിച്ചുവരികയാണ്. ബിരുദ പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആറുമാസം ഇടവിട്ടു വർഷത്തിൽ രണ്ടു തവണയാക്കാനുള്ള നീക്കങ്ങളുമുണ്ട്. കൂടുതലായും ഊന്നൽ നൽകുന്നത് സ്‌കിൽ വികസനം, ഇന്റേൺഷിപ്പുകൾ, തൊഴിൽ ലഭ്യതാ മികവ് ഉറപ്പുവരുത്തൽ എന്നിവയ്ക്കാണ്.
സോഷ്യൽ സയൻസ് വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികൾ തൊഴിൽ ലഭ്യതാ മികവ് ഉയർത്താൻ സ്വയം ശ്രമിക്കണം. സാമ്പത്തികം, സാമൂഹികം, രാഷ്ട്രീയം, പോളിസി, സുസ്ഥിര വികസനം, പാരിസ്ഥിതികം, ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ പുത്തൻ ട്രെന്റുകൾ പഠനത്തിനൊപ്പമോ തുടർപഠനത്തിനോ കണ്ടെത്തണം.
പ്രൊജക്ട് മാനേജ്മന്റ്, സുസ്ഥിര വികസനം, പാരിസ്ഥിതിക പഠനം, ഡെവലപ്‌മെന്റ് സയൻസ്, പോളിസി, കാലാവസ്ഥാ വ്യതിയാനം, ബഡ്ജറ്റിംഗ്, മൈക്രോ & മാക്രോ ഇക്കണോമിക്‌സ്, ഉന്നത വിദ്യാഭ്യാസം, ബാങ്കിംഗ്, ഇൻഷ്വറൻസ്, കൺസൾട്ടൻസി സേവനം, ഗവേഷണം, സിവിൽ സർവീസ് എന്നിവയിൽ താത്പര്യത്തിനനുസരിച്ചുള്ള മേഖലകളിലേക്കുള്ള തയ്യാറെടുപ്പുകളാണ് വിദ്യാർത്ഥികൾക്കാവശ്യം. ആശയവിനിമയം മെച്ചപ്പെടുത്തണം. മാതൃഭാഷയിലും ഇംഗ്ലീഷിലും നന്നായി സംസാരിക്കാനും എഴുതാനുമുള്ള കഴിവ് സ്വായത്തമാക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം, പൊതു വിജ്ഞാനം എന്നിവ അത്യന്തപേക്ഷിതമാണ്.
നിയമം മുതൽ സിവിൽ സർവീസ് വരെ
.........................
സോഷ്യൽ സയൻസ് ബിരുദധാരികളാണ് കൂടുതലായി സിവിൽ സർവീസ് പരീക്ഷയിൽ മുന്നേറുന്നത്. ക്യാറ്റ് പരീക്ഷയെഴുതി ഐ.ഐ.എമ്മുകളിലെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. പ്ലസ്ടുവിനു ശേഷം ബി.എ പ്രോഗ്രാമിന് ചേരുന്നതിനു മുമ്പ് ഭാവിയിൽ പ്രവർത്തിക്കാൻ താത്പര്യമുള്ള മേഖലയെക്കുറിച്ച് ആലോചിക്കണം. പൊളിറ്റിക്കൽ മാനേജ്മെന്റ്, പാരിസ്ഥിതിക മാനേജ്മെന്റ്, ഇന്റഗ്രേറ്റഡ് നിയമം, ടെക്‌നോളജി അധിഷ്ഠിത കോഴ്‌സുകൾ, ന്യൂ മീഡിയ, ഫിലിം & ടെലിവിഷൻ മേഖല, ജേ ണലിസം, ആർട്ട് & ഡിസൈൻ, സപ്ലൈ ചെയിൻ, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, വിദേശ ഭാഷ സേവനം എന്നിവ മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |