SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മോദിയും രാഹുലും ഒരേസമയം

a

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്നലെ ഒരേസമയം കേരളത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടം നയിച്ചു.

പ്രചാരണത്തിന് ഇനി അവശേഷിക്കുന്ന മണിക്കൂറുകൾ അതിനിർണായകമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യു.ഡി.എഫും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ എൻ.ഡി.എയും അണികളെയും ജനങ്ങളെയും ആവേശഭരിതരാക്കുകയാണ്.

മോദിയും രാഹുൽ ഗാന്ധിയും ഇന്നലെ രണ്ടാം വട്ട പ്രചാരണത്തിനാണ് കേരളത്തിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തും തിരുവല്ലയിലും കളംനിറഞ്ഞു. രാഹുൽ ഗാന്ധി ആലപ്പുഴയിലും ഇടുക്കിയിലും എറണാകുളത്തും മോദിയെയും പിണറായിയെയും കടന്നാക്രമിച്ചു. രാഹുൽ ഗാന്ധിയെയും സംസ്ഥാന സർക്കാരിനെയും പ്രഹരിച്ചുകൊണ്ടായിരുന്നു മോദിയുടെ വിമർശനങ്ങൾ.

പൊതുയോഗങ്ങളിലും റോഡ്‌ഷോകളിലും മിന്നിത്തിളങ്ങിയ മോദി എൻ.ഡി.എ ക്യാമ്പിന് ആവേശമായി. കേരളത്തിലെ തിരഞ്ഞെടുപ്പിന് ബി.ജെ.പി നേതൃത്വം എത്രമാത്രം പ്രാധാന്യം കല്പിക്കുന്നു എന്നതിന്റെ തെളിവായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. എഫ്.സി.ആർ.എ വിഷയത്തിൽ ക്രൈസ്തവ വിഭാഗത്തിന്റെ ആശങ്കയകറ്റാനും മോദി ശ്രമിച്ചു. രാഹുൽഗാന്ധിയുടെ വരവോടെ യു.ഡി.എഫ് ക്യാമ്പുകളിൽ ആവേശം ഇരട്ടിയായി. ഇടതുമുന്നണിയുടെ പ്രധാന പ്രചാരകനായ മുഖ്യമന്ത്രി മറ്റെല്ലാ ജില്ലകളിലും പ്രചാരണം പൂർത്തിയാക്കി. സ്വന്തം മണ്ഡലമായ ധർമ്മടത്താണ് ഇനിയുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രിയുടെ പ്രചാരണം.

പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങളിലൂന്നി കൊണ്ടും കൊടുത്തും മുന്നണികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്. പ്രചാരണ സമയം കുറഞ്ഞത് സ്ഥാനാർത്ഥികളേയും മുന്നണികളെയും അലട്ടുന്നു. ഭവന സന്ദർശനങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയുന്നില്ല. വേനൽചൂട് കടുത്തതോടെ ഉച്ചസമയത്തെ പ്രചാരണം സ്ഥാനാർത്ഥികൾ ഉപേക്ഷിച്ചിരുന്നു. അവസാന ലാപ്പ് എത്തിയതോടെ ഉച്ച സമയത്തുള്ള വിശ്രമം ഒഴിവാക്കി. മൂന്നു ദിവസം മാത്രമാണ് ഇനി പ്രചാരണത്തിന് കിട്ടുന്നത്.

സോഷ്യൽ മീഡിയയും പത്ര ദൃശ്യ മാദ്ധ്യമങ്ങളും ഉപയോഗിച്ചുള്ള പ്രചാരണം അതിശക്തമാണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മാത്രമല്ല ട്രൂകോളറിൽ വരെ മുന്നണികളുടെ പരസ്യങ്ങൾ ഇടംപിടിച്ചു. റീലുകളും ചെറിയ അഭ്യർത്ഥനകളും സോഷ്യൽ മീഡിയയിൽ ധാരാളം. ഇൻഫ്ളുവൻസർമാരായ പലരുടേയും പേജുകളിൽ നേതാക്കളുടെ അഭിമുഖങ്ങൾ നിറഞ്ഞു.

ജീവൻമരണ പോരാട്ടം

# ഭരണം പിടിക്കാൻ അരയും തലയും മുറുക്കിയാണ് യു.ഡി.എഫിന്റെ പോരാട്ടം. മുന്നണിയുടെ നിലനിൽപ്പിന് ഇതു അത്യന്താപേക്ഷിതമാണ്.

#ഇടതുമുന്നണിയുടെ കെട്ടുറപ്പിനും ദേശീയ തലത്തിൽ ഇടതുപക്ഷത്തിന്റെ നിലനിൽപ്പിനും വിജയം കൂടിയേ തീരൂ. ഭരണം നേടാനായില്ലെങ്കിൽ പിണറായിയുടെ നേതൃത്വം ചോദ്യം ചെയ്യപ്പെടും.

# നിയമസഭയിൽ അക്കൗണ്ട് തുറക്കുക ബി.ജെ.പിയുടെ അഭിമാനപ്രശ്നമാണ്. കേരളത്തിനു പുറത്തുനിന്നെത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനും എൻ.ഡി.എയുടെ വിജയം അനിവാര്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA