SignIn
Kerala Kaumudi Online
Monday, 27 July 2026 2.40 AM IST

വടകരയിലെ ലഹരിക്കച്ചവടം: അദ്ധ്യാപികയെ പിരിച്ചുവിട്ടു

kavya

വടകര: ലഹരിക്കച്ചവടം നടത്തി അറസ്റ്റിലായ രണ്ട് അദ്ധ്യാപികമാരിൽ ഒരാളെ പിരിച്ചുവിട്ടു. പൊലീസ് റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് രണ്ടാമത്തെ അദ്ധ്യാപികയേയും പിരിച്ചുവിടും. മറ്റൊരു അദ്ധ്യാപികയും സംശയ നിഴലിലുണ്ട്. പേരാമ്പ്ര ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരായി കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന കൂരാച്ചുണ്ട് ചെറുക്കാട് കൊല്ലനാരി കെ.കാവ്യയും സുഹൃത്ത് മരുതോങ്കര സ്വദേശി കെ.സി.കീർത്തനയുമാണ് അറസ്റ്റിലായത്. കീർത്തനയെയാണ് പിരിച്ചുവിട്ടത്.

രണ്ടാഴ്ച മുമ്പ് റിസ്വാൻ എന്നയാളെ എം.ഡി.എം.എയുമായി വടകര പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നാണ് അദ്ധ്യാപികമാരെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാൾ നടത്തുന്ന ലഹരിക്കച്ചവടത്തിന്റെ പണം ഈ അദ്ധ്യാപികമാരുടെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. കഴിഞ്ഞ 11ന് കീർത്തന അറസ്റ്റിലായി. കഴിഞ്ഞ ദിവസം കാവ്യയും.

ഇരുവരുടേയും ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിക്കുന്നു. ഇവരുമായി ബന്ധമുള്ളവരുടെ ബാങ്ക് വിവരങ്ങളും മൊബൈൽ ഫോണുകളും പരിശോധിക്കും. ജില്ലാ ജയിലിൽ റിമാൻഡിലുള്ള ഇരുവരേയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യും. ജില്ലാ സർവശിക്ഷാ അഭിയാന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ (ബി.ആർ.സി)​ ചെറൂവാളൂർ ഗവ. എൽ.പി സ്കൂളിനോടു ചേർന്നുള്ള ഓട്ടിസം സ്കൂളിലാണ് കാവ്യ പഠിപ്പിച്ചിരുന്നത്. കീർത്തന മറ്റൊരു സ്കൂളിലും. ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു ഇവർക്ക് ജോലി. അദ്ധ്യാപനം മറയാക്കിയായിരുന്നു ഇരുവരുടേയും ലഹരിക്കച്ചവടം.

പണം സ്വീകരിക്കുന്നത്

ക്യൂ.ആർ കോഡിലൂടെ

എം.ഡി.എം.എ ഇടപാടിനായി ക്യൂ.ആർ കോഡിലൂടെയായിരുന്നു കീർത്തന പണം സ്വീകരിച്ചിരുന്നത്. 2000 രൂപയാണ് ഒരു ഇടപാടിന് ഈടാക്കുന്നത്. പണം കിട്ടിയാലുടൻ ലഹരി ഒളിപ്പിച്ചിരിക്കുന്ന ലോക്കേഷൻ അയച്ചുകൊടുക്കും. അവിടെ എത്തുന്നവർക്ക് മറ്റൊരാൾ എം.ഡി.എം.എ കൈമാറും. അക്കൗണ്ടിൽ വൻതുക ആകുന്നതോടെ കീർത്തന അത് കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കും. കാവ്യയുടെ അക്കൗണ്ടിലേക്ക് നേരിട്ടും പണമെത്തിയിരുന്നെന്നും പൊലീസ് കണ്ടെത്തി.

കാവ്യയ്ക്ക് ആഡംബരക്കാർ

അടുത്തിടെ വില കൂടിയ ആഡംബര കാർ കാവ്യ വാങ്ങിയിരുന്നു. സ്കൂളിലെ സഹഅദ്ധ്യാപകർ ചോദിച്ചപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന സഹോദരന്റെ വാഹനമെന്നായിരുന്നു മറുപടി. 2022ൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കാവ്യയ്ക്ക് കോഴിക്കോട് ജില്ലയിലെ 15 ബി.ആർ.സികളിൽ നിന്നുള്ള അദ്ധ്യാപകർ പിരിവെടുത്താണ് ചികിത്സയ്ക്കുള്ള പണം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA