SignIn
Kerala Kaumudi Online
Monday, 27 July 2026 4.10 AM IST

ജാതി വിവേചനം അവസാനിക്കുന്നത് വരെ ജാതി പറയും: വെള്ളാപ്പള്ളി നടേശൻ

READ ENGLISH VERSION
vellapally

കൊല്ലം: ജാതി വിവേചനം അവസാനിക്കുന്നത് വരെ താൻ ജാതി പറയുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് എസ്.എൻ ട്രസ്റ്റിന്റെയും കൊല്ലം ജില്ലയിലെ പത്ത് എസ്.എൻ.ഡി.പി യോഗം യൂണിയനുകളുടെയും നേതൃത്വത്തിൽ കൊല്ലത്ത് നൽകിയ വരവേൽപ്പ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീമൂലം പ്രജാസഭയിൽ ഈഴവർ നേരിടുന്ന അവഗണന ശക്തമായി പറഞ്ഞ കുമാരനാശാനെ ആരും വർഗീയവാദി എന്ന് പറഞ്ഞിട്ടില്ല. ജാതി വിവേചനത്തിനെതിരെ മലയാളി മെമ്മോറിയൽ നൽകിയവരെ ജാതിവാദികളെന്ന് വിളിച്ചിട്ടില്ല. പിന്നീട് ഈഴവ മെമ്മോറിയൽ നൽകിയ ഡോ. പല്പുവിനെ വർഗീയവാദിയെന്ന് വിളിച്ചിട്ടില്ല. നിവർത്തന പ്രക്ഷോഭം നയിച്ചവരെയും അങ്ങനെ വിളിച്ചിട്ടില്ല. പക്ഷെ ഈഴവർ നേരിടുന്ന അവഗണന വിളിച്ചുപറയുന്ന തന്നെ മാത്രം ജാതിവാദിയെന്ന് വിളിക്കുന്നു.

മലപ്പുറം ജില്ലയിൽ ഈഴവർക്ക് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും നൽകിയില്ലെന്ന് പറ‌ഞ്ഞപ്പോൾ തന്നെ മുസ്ലീം വിരോധിയാക്കി ചിത്രീകരിച്ചു. ജാതി വിവേചനത്തിൽ നിന്നാണ് ജാതിചിന്ത ഉണ്ടാകുന്നത്. മറ്റുള്ളവർ ജാതിയും മതവും പറയുമ്പോൾ അത് നീതി. താൻ ജാതി പറയുമ്പോൾ മാത്രം വർഗീയതയായി ചിത്രീകരിക്കുന്നു. ഗുരുദർശനം പ്രാവർത്തികമാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം കൺവീനർ മോഹൻ ശങ്കർ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ, ബി.ബി.ഗോപകുമാർ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു. പദ്മഭൂഷൺ ലഭിച്ച വെള്ളാപ്പള്ളി നടേശനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അയച്ച കത്ത് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. ജി.ജയദേവൻ സ്വാഗതവും ജോ.സെക്രട്ടറി എ.സോമരാജൻ നന്ദിയും പറഞ്ഞു. ആയിരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

ഈഴവ പിന്നാക്കാവസ്ഥ പഠിക്കാൻ

കമ്മിഷനെ നിയോഗിക്കണം

ഈഴവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ സംസ്ഥാന സർക്കാർ നിയോഗിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. മറ്റ് പല സമുദായങ്ങളുടെയും പിന്നാക്കാവസ്ഥ പഠിക്കാൻ നേരത്തെ കമ്മിഷനുകളെ നിയോഗിച്ചിട്ടുണ്ട്. അങ്ങനെ ആ സമുദായങ്ങൾ പലതും നേടി. കമ്മിഷനെ നിയോഗിച്ച് ഈഴവരുടെ പിന്നാക്കാവസ്ഥ പരിഹരിച്ചില്ലെങ്കിൽ മൂന്നാം നിവർത്തന പ്രക്ഷോഭത്തിന് തയ്യാറാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VELLAPALLY NATESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA