SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.35 AM IST

പ്രായം പ്രശ്നമല്ല; നൂറ്റിമൂന്നിലും വോട്ടിട്ട് സോഷ്യോ വാസു

vasu

ഫറോക്ക്: പ്രായം സോഷ്യാ വാസുവിന് വെറും നമ്പർ മാത്രം. 103ാം വയസിലും കോഴിക്കോട് ചെറുവണ്ണൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 83-ാം നമ്പർ ബൂത്തിൽ നേരിട്ടെത്തി വോട്ട് ചെയ്ത് മടങ്ങിയ വാസു പുഞ്ചിരിയോടെ പറഞ്ഞു. 'ഞാൻ ഇപ്പോഴും ആക്ടീവാ. സ്വാതന്ത്ര്യസമരസേനാനിയായ ചെറുവണ്ണൂർ പുതിയ പറമ്പിൽ സോഷ്യാ വാസുവെന്ന വാസുവേട്ടൻ ഇതുവരെ വോട്ടവകാശം പാഴാക്കിയിട്ടില്ല. ബൂത്തിലെത്തി വോട്ട് ചെയ്താണ് ചെറുപ്പം മുതലേ ശീലം.

മക്കളായ രമേഷ് ബാബു,രാജ് നാരായണൻ എന്നിവർക്കൊപ്പമാണ് സ്ക്കൂളിൽ എത്തിയതെങ്കിലും പരസഹായമില്ലാതെയാണ് വോട്ടു ചെയ്തത്. 1952-​ മുതൽ വോട്ടു ചെയ്യുന്ന വാസുവേട്ടൻ അതിനുശേഷം നിയമസഭയിലേക്കും ലോക് സഭയിലേക്കും നടന്ന മുഴുവൻ തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ സ്വയ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ഇവിടെ തന്നെയായിരുന്നു വോട്ടു ചെയ്തത്. പ്രായത്തിന്റേതായ അവശതകളുണ്ടെങ്കിലും ​അച്ഛൻ വോട്ടിംഗിൽനിന്ന് മാറിനിൽക്കാ​റില്ലെന്ന് മകൻ രമേഷ് ബാബു പറഞ്ഞു. ബേപ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടറാണ് സോഷ്യാ​ വാസു. സ്കൂൾ വിദ്യാഭ്യാസത്തിനിടെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നത്. 1934ൽ ഗാന്ധിജി കോഴിക്കോട്ട് വന്നപ്പോഴും കണ്ടിരുന്നു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പിന്നീട് നാട്ടിലെത്തിയ വാസു,​ സോഷ്യോ എന്ന പേരിൽ തയ്യൽക്കട തുടങ്ങിയതോടെയാണ് സോഷ്യോ വാസു എന്ന പേര് പതിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA