
തിരുവനന്തപുരം: 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് താത്കാലിക ഇളവ് അനുവദിച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവ്. നിലവിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) വഴിയുള്ള പരിശോധനയ്ക്ക് പകരം ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫീസുകൾ വഴി നേരിട്ട് ഫിറ്റ്നസ് പരിശോധന (മാനുവൽ ടെസ്റ്റ്) നടത്താം. രണ്ടാഴ്ച വരെയാകും ഇളവ്. ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളിലെ ഫിറ്റ്നസ് പരിശോധനയിൽ വാഹനങ്ങൾ കൂട്ടത്തോടെ പരാജയപ്പെടുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കും വരെ മാന്വൽ പരിശോധന വേണമെന്ന് വാഹന ഉടമകളും ടാക്സി, ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു.
വാഹനങ്ങൾക്ക് അതിസുരക്ഷാ നമ്പർ പ്ലേറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത മുഴുവൻ വാഹനങ്ങൾക്കും അതിസുരക്ഷാ നമ്പർ പ്ലേറ്റ് (എച്ച്.എസ്.ആർ.പി) നിർബന്ധമാക്കുന്നു. നടപടികൾ വേഗത്തിലാക്കാൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. വാഹന നിർമ്മാതാക്കളുടെ സംഘടനയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സ് (സിയാം) മുഖേനയാണ് നമ്പർ പ്ലേറ്റ് നൽകുന്നത്. സിയാമിന്റെ പോർട്ടൽ വഴി നമ്പർ പ്ലേറ്റ് ഓർഡർ ചെയ്യാം. വെബ്സൈറ്റ് : https://www.siam.inൽ 'ബുക്ക് എച്ച്.എസ്.ആർ.പി' വഴി വാഹനത്തിന്റെയും ഉടമസ്ഥന്റെയും രജിസ്ട്രേഷൻ വിവരങ്ങൾ നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 600 രൂപയും നികുതിയുമാണ് ഫീസ്. ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപയും നികുതിയും അടയ്ക്കണം. ബുക്കിംഗ് പൂർത്തിയാകുന്നതോടെ വിശദാംശങ്ങൾ ഫോണിൽ എസ്.എം.എസായി എത്തും. നമ്പർ ഡീലർഷിപ്പുകളിൽ എത്തുമ്പോഴും വാഹന ഉടമയ്ക്ക് അറിയിപ്പ് ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |