
തിരുവനന്തപുരം: വനഭൂമി പതിച്ചുകൊടുക്കാനുള്ള നിയമങ്ങളിൽ കേന്ദ്രം ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ
അത്തരത്തിലുള്ള
കൈയേറ്റ ഭൂമി തിട്ടപ്പെടുത്താൻ റവന്യൂവകുപ്പ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
രേഖയിൽ വനം എന്നാണെങ്കിലും പതിറ്റാണ്ടുകളായി ജനവാസ മേഖലകളായി മാറിയ ആയിരക്കണക്കിന് ഏക്കർ ഭൂമി കൈവശക്കാർക്ക് പതിച്ചു കൊടുക്കാൻ കഴിയും.
ഇടുക്കി ജില്ലയിലാണ് ഏറ്റവും കൂടുതൽ ഭൂമി. കൈവശക്കാരുടെ എണ്ണം ഇവിടെയാണ് കൂടുതൽ. പത്തനംതിട്ട, വയനാട്, പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകൾക്കും പ്രയോജനം ലഭിക്കും.
കേന്ദ്ര വനസംരക്ഷണ നിയമഭേദഗതി ലോക് സഭ ആഗസ്റ്റിൽ പാസാക്കിയതോടെ പതിച്ചുകൊടുക്കലിനുള്ള സാങ്കേതിക തടസം നീങ്ങിയിരുന്നു.
1980 ലെ കേന്ദ്ര വനസംരക്ഷണ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം കേന്ദ്രത്തിന്റെ അനുമതി വേണമായിരുന്നു.ഇനി അതുവേണ്ട. ഒരേക്കറിന് കേന്ദ്രാനുമതി ലഭിക്കണമെങ്കിൽ രണ്ട് ഏക്കർ വനം വകുപ്പിന് വനവത്കരണത്തിന് വിട്ടു നൽകണമായിരുന്നു. പകരം കൊടുക്കൻ ഭൂമിയില്ലാത്തതിനാൽ കേന്ദ്രാനുമതി അത്ര എളുപ്പമായിരുന്നില്ല.
1996 -ലെ സുപ്രീം കോടതി വിധി പ്രകാരവും ഒരിക്കൽ റവന്യൂ രേഖയിൽ വനം എന്നു രേഖപ്പെടുത്തിയ പ്രദേശം വനം വകുപ്പിന്റെ ഒഴിവാക്കൽ വിജ്ഞാപനത്തിലൂടെ വനേതര ഭൂമിയായി പ്രഖ്യാപിക്കാത്തിടത്തോളം ഭൂപതിവ് അസാദ്ധ്യമായിരുന്നു. അത്തരത്തിൽ വിജ്ഞാപനം ചെയ്യണമെങ്കിൽ ആദ്യം കേന്ദ്രാനുമതി നേടണം.ഇനി അതും വേണ്ട.
1.നേട്ടം 1996ന് മുമ്പുള്ള
കൈവശ ഭൂമിക്ക്
# 1996ന് മുമ്പ്മുതൽ കൈവശംവച്ചുവരുന്ന ഭൂമിക്കാണ് ആനുകൂല്യം.
# പഞ്ചായത്ത് പരിധിയിൽ കൃഷിക്ക് നാല് ഏക്കറും വീടിനും കെട്ടിടത്തിനും 15 സെന്റും പതിച്ചു നൽകും. കൂടുതൽ കൈവശമുണ്ടെങ്കിൽ അതു സർക്കാർ ഭൂമിയാക്കും.
# കോർപ്പറേഷന്റെ പരിധിയിലാണെങ്കിൽ 5 സെന്റും നഗരസഭാ പരിധിയിലാണെങ്കിൽ പത്തു സെന്റും വീടിനും കെട്ടിടത്തിനും പതിച്ചു നൽകും
2. റോഡിനോട് ചേർന്ന് വനമല്ല
* വനത്തിലൂടെ കടന്നു പോകുന്ന റോഡുകൾ, റെയിൽപ്പാതകൾ എന്നിവയുടെ വശങ്ങളിലുമുള്ള നിശ്ചിത ഭൂമി (പരമാവധി 0.10 ഹെക്ടർ) വനമല്ലാതാക്കി. റോഡ് വികസനത്തിന് ഇത് വേഗത കൂട്ടും.
*വനത്തിനുള്ളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുക, വേലിയോ മതിലോ കെട്ടുക, ട്രെഞ്ച് കുഴിക്കുക തുടങ്ങിയവയ്ക്ക് തടസ്സമില്ല.
*ഇക്കോ ടൂറിസത്തിനുള്ള നിർമ്മാണങ്ങൾ നടത്താം.
*പാലങ്ങളോ കലുങ്കുകളോ ചെക്ക്ഡാമുകളോ നിർമ്മിക്കാൻ തടസ്സമില്ല .
ടിസൻ തച്ചങ്കരി കൈയേറിയ 7.07 ഏക്കർ ഭൂമി ഒഴിപ്പിച്ചു
മൂന്നാർ: ചിന്നക്കനാൽ വില്ലേജിലെ സൂര്യനെല്ലിയിൽ ടിസൻ തച്ചങ്കരി കൈയേറിയ 7.07 ഏക്കർ ഭൂമി ദൗത്യസംഘം ഒഴിപ്പിച്ചു. കൈയേറ്റ ഭൂമിയിലുണ്ടായിരുന്ന മൂന്നാർ കാറ്ററിംഗ് കോളേജിന്റെ ഹോസ്റ്റൽ കെട്ടിടവും ഏറ്റെടുത്തു. ചിന്നക്കനാൽ വില്ലേജിലെ 222/1 സർവേ നമ്പരിൽപ്പെട്ട 7.07 ഏക്കർ റവന്യു ഭൂമിയാണ് ടിസൻ തച്ചങ്കരി കൈയേറിയിരുന്നത്. ഇവിടെ മൂന്നാർ കാറ്ററിംഗ് കോളേജിനായി ഏഴുനിലയുള്ള ഹോസ്റ്റൽ കെട്ടിടവും നിർമ്മിച്ചിരുന്നു. സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നേരത്തെ ചിന്നക്കനാൽ വില്ലേജ് ഓഫീസർ നോട്ടീസ് നൽകി. തുടർന്ന് ഉടുമ്പൻചോല തഹസിൽദാർക്കും ദേവികുളം സബ് കളക്ടർക്കും അപ്പീൽ നൽകി. ഇതും രണ്ടും മാസങ്ങൾക്ക് മുമ്പ് തള്ളിയതിനെ തുടർന്നാണ് ഇടുക്കി സബ് കളക്ടർ അരുൺ എസ്. നായരുടെ നേതൃത്വത്തിലുള്ള സംഘമെത്തി ഭൂമി ഏറ്റെടുത്ത് ബോർഡ് സ്ഥാപിച്ചത്. കെട്ടിടം ഏറ്റെടുത്ത ശേഷം ഒഴിഞ്ഞ് പോകാൻ 30 ദിവസത്തെ നോട്ടീസ് നൽകിയിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ താമസിക്കുന്ന ഹോസ്റ്റലായതിനാലാണ് സമയം അനുവദിച്ചിരിക്കുന്നതെന്ന് സബ് കളക്ടർ പറഞ്ഞു. അതിരാവിലെ വളരെ രഹസ്യമായിട്ടാണ് കൈയേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘമെത്തിയത്. നടപടിയറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ അടക്കമുള്ളവരെ കോളേജ് അധികൃതർ ഗേറ്റിൽ തടഞ്ഞു. കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗവും കൈയേറ്റ ഭൂമിയിലാണെന്നത് സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുകയാണ്. കേസ് തീർപ്പാക്കിയ ശേഷം ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കും. ചിന്നക്കനാലിലെ മേഖലയിലെ ഏറ്റവും പ്രധാന ദൗത്യമാണ് സംഘം പൂർത്തിയാക്കിയത്. പട്ടയത്തിലെ നമ്പറും സർവേ നമ്പറും തമ്മിലുള്ള വ്യത്യാസമാണ് കൈയേറ്റം കണ്ടെത്താൻ കാരണമായത്. അതേ സമയം ദൗത്യസംഘം ഇന്ന് താലൂക്ക് തല യോഗം ദേവികുളത്ത് ചേരും. ഇതിൽ തുടർ ഒഴിപ്പിക്കലുകൾ സംബന്ധിച്ച് തീരുമാനമെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |