
പത്തനംതിട്ട: കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന് നൽകിയിരിക്കുന്ന ഏലം കൃഷിയുടെ പാട്ടക്കാലാവധി ഫെബ്രുവരിയിൽ അവസാനിക്കുന്നതോടെ വിനോദ സഞ്ചാര കേന്ദ്രമായ ഗവിയിലെ താമസക്കാരായ തൊഴിലാളികളുടെ ഉപജീവനമാർഗം നിലയ്ക്കും. വന്യമൃഗങ്ങൾ ഏറെയുള്ള ഗവിയിലെ മനുഷ്യ സാന്നിദ്ധ്യം ഒഴിവാക്കണമെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കർശന നിർദ്ദശമുള്ളതിനാൽ പാട്ടക്കാലാവധി നീട്ടാൻ സാദ്ധ്യതയില്ല. താത്കാലികക്കാർ ഉൾപ്പെടെ 244 തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് ഇവിടത്തെ താമസക്കാർ.
തൊഴിലാളികളുടെ പുനരധിവാസത്തിന് ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി) തയ്യാറാക്കിയ പാക്കേജിന് ഫണ്ടില്ലെന്ന കാരണം പറഞ്ഞ് സംസ്ഥാന സർക്കാർ അനുമതി നൽകിയില്ല. ഇതിപ്പോൾ കേന്ദ്ര വനംമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
വരുമാനമാർഗം ഇല്ലാതാകുന്നതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കാരണം ഒഴിഞ്ഞു പോകാൻ തയ്യാറാണെന്ന് തൊഴിലാളികൾ പറയുന്നു.
തോട്ടം മേഖലയിലെ തൊഴിലിനോട് പുതിയ തലമുറയ്ക്ക് താത്പര്യമില്ല. യാത്രാ സൗകര്യങ്ങളുടെ കുറവും ആശുപത്രി സേവനങ്ങൾ ലഭ്യമല്ലാത്തതുമൊക്കയാണ് കാരണം. രാത്രിയിൽ ഗവിയിൽ നിന്ന് പുറത്തുകടക്കാൻ വനപാലകരുടെ അനുമതി തേടണം. എൽ.പി സ്കൂൾ മാത്രമാണുള്ളത്. തുടർ വിദ്യാഭ്യാസത്തിനും ആശുപത്രി ചികിത്സയ്ക്കും മുപ്പത് കിലോമീറ്റർ താണ്ടി വണ്ടിപ്പെരിയാറിലെത്തണം.
പുനരധിവാസ പാക്കേജ്
ഒരു കുടുംബത്തിന് 15ലക്ഷം രൂപ. ആകെ 29 കോടി
സ്ഥിരം തൊഴിലാളികൾക്ക് ബാക്കി സർവീസുള്ള
ഒാരാേ വർഷങ്ങളിലും മൂന്നു മാസത്തെ ശമ്പളം
സ്ഥിരം തൊഴിലാളികൾ........................... 168
താത്കാലികക്കാർ..................................... 76
ഏലം കൃഷി (ഹെക്ടറിൽ) .......................... 841
''കുറഞ്ഞ കൂലിയാണ്. പാട്ടക്കാലാവധി നീട്ടിയാലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവു കാരണം ജീവിക്കാൻ ബുദ്ധിമുട്ടാണ്. ഗവിക്ക് പുറത്ത് പുനരധിവാസത്തിന് തയ്യാറാണ്
-പുണ്യരാജ്,
ഗവി സ്വദേശി
''പുനരധിവാസ പാക്കേജ് കേന്ദ്രസർക്കാരിന്റെ പരിഗണനയിലാണ്
-കെ.എഫ്.ഡി.സി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |