
കൊല്ലം: കേരളകൗമുദി രാജ്യവികസനത്തിന് നൽകിയ സംഭാവന നിർണായകമാണെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. ആശ്രാമം ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിൽ നടന്ന കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരളകൗമുദിയുടെ ആദരവ് ഗവർണർ സമർപ്പിച്ചു.
രാഷ്ട്രവളർച്ചയിൽ മാദ്ധ്യമങ്ങളുടെ സംഭാവന ചെറുതല്ല. എന്നാൽ ചില മാദ്ധ്യമങ്ങൾ വികസനത്തെ പിന്തുണയ്ക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നു. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതൊന്നും പത്രങ്ങളുടെ ഒന്നാം പേജിൽ കാണാറില്ല. നല്ലത് പറഞ്ഞാലും മോശമായി വ്യാഖ്യാനിക്കുന്ന സ്ഥിതി. അതിൽ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ 115 വർഷം ദീർഘവീക്ഷണത്തോടെ സമൂഹത്തിന്റെ വികസനത്തിനായി കേരളകൗമുദി പ്രവർത്തിച്ചു. അതുകൊണ്ടാണ് കേരളകൗമുദി കേരളത്തിലെ മുഖ്യധാര പത്രമായി മാറിയത്.
ശ്രീനാരായണ ദർശന പ്രചാരണത്തിലും പിന്നാക്ക ജനവിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരുന്നതിലും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകുന്ന സംഭാവന മഹത്തരമാണ്. അത്തരം സംഭാവനകൾക്കുള്ള അംഗീകാരമായാണ് രാഷ്ട്രം അദ്ദേഹത്തിന് പദ്മഭൂഷൺ സമ്മാനിച്ചത്. സമൂഹം ഒറ്റയ്ക്ക് വളരില്ല. ഒരു കൂട്ടം ആളുകളുടെ സംഭാവനകളിലൂടെയാണ് വളരുന്നത്. ഇത്തരം ആളുകളുടെ സംഭാവന സമൂഹത്തിലെ മറ്റുള്ളവർക്ക് കരുത്താകുമെന്നും ഗവർണർ പറഞ്ഞു.
എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'സംപ്രീതി" എന്ന പുസ്തകം ഗവർണർ പ്രകാശനം ചെയ്തു. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ച എട്ടുപേർക്ക് കേരളകൗമുദിയുടെ ആദരവ് അദ്ദേഹം സമർപ്പിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷനായി. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി കേരളകൗമുദിയുടെ ഉപഹാരം ഗവർണർക്ക് നൽകി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ബി.ബി.ഗോപകുമാർ എം.എൽ.എ, പ്രീതി നടേശൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |