
തിരുവനന്തപുരം:കേരളത്തെ കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ പറഞ്ഞു. മുഖ്യമന്ത്രി വേദിയിലിരിക്കേയാണ് ഗവർണറുടെ പ്രശംസ.
76ാമത് റിപ്പബ്ലിക് ദിനം പ്രമാണിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഗവർണർ. കേരളം സമ്പൂർണ്ണ സാക്ഷരതയുറപ്പാക്കിയത് അഭിമാനകരമാണ്. രാജ്യത്ത് ഒട്ടനവധി സൂചകങ്ങളിൽ കേരളം ഒന്നാമതാണ്. സംഭാഷണത്തിലൂടെയും സഹകരണത്തിലൂടെയും നമുക്ക് ഒരുമിച്ച് മുന്നേറാൻ സാധിക്കണം.വികസിത കേരളം ഇല്ലാതെ വികസിത ഇന്ത്യ സാധ്യമല്ലെന്നും ഗവർണർ പറഞ്ഞു.പത്മ പുരസ്‌കാരങ്ങൾ നേടിയ മലയാളികളെ ഗവർണർ അഭിനന്ദിച്ചു.
പരേഡിൽ ഗവർണർ അഭിവാദ്യം സ്വീകരിച്ചു. വ്യോമസേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷം നടന്നു. കരസേനയുടെ ഗർവാൾ റൈഫിൾസ് റെജിമെന്റ് ആറാം ബാറ്റലിയൻ മേജർ ജെ. അജന്ദർ ആയിരുന്നു പരേഡ് കമാൻഡർ.വ്യോമസേനയുടെ സതേൺ എയർ കമാണ്ട് യൂണിറ്റിലെ ഫ്ലൈറ്റ് ലെഫ്റ്റനന്റ് നൂർ അഹമ്മദ് ഷെയ്ഖ് സെക്കൻഡ് ഇൻ കമാൻഡ് ആയി.വിവിധ സേനാ വിഭാഗങ്ങളും പങ്കെടുത്തു.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, മേയർ ആര്യരാജേന്ദ്രൻ, എ.എ റഹിം എം.പി, എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ, വി.കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്,കളക്ടർ അനുകുമാരി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
സ്പീക്കർ പതാക ഉയർത്തി
തിരുവനന്തപുര: നിയമസഭാങ്കണത്തിൽ സ്പീക്കർ എ.എൻ.ഷംസീർ ദേശീയ പതാക ഉയർത്തി വാച്ച് ആന്റ് വാർഡിന്റെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്രു, ഡോ.ബി.ആർ അംബേദ്കർ, കെ.ആർ നാരായണൻ എന്നിവരുടെ പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. ജീവനക്കാരുടെ ഗായകസംഘം ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. പൂന്തുറ സെന്റ് ഫിലോമിനാസ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർഥിനികൾ ബോൻഡ് മേളം അവതരിപ്പിച്ചു. നിയമസഭാ സെക്രട്ടറി ഡോ.എൻ കൃഷ്ണകുമാർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |