
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തി തിരഞ്ഞെടുപ്പ് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിരീക്ഷകനെ നിയോഗിച്ചു. ഒക്ടോബർ 5ന് രാവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടക്കുന്ന അഭിമുഖത്തിൽ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ നിരീക്ഷകനാകും.സന്നിധാനത്തു നടക്കുന്ന മേൽശാന്തി നറുക്കെടുപ്പിലും അദ്ദേഹത്തിന്റെ നിരീക്ഷണമുണ്ടാകും. മേൽശാന്തി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഉത്തരവ്.
ശബരിമല മേൽശാന്തി നിയമനത്തിന് 48 അപേക്ഷകളും മാളികപ്പുറം മേൽശാന്തി നിയമനത്തിന് 30 അപേക്ഷകളുമാണ് ലഭിച്ചത്. വിജിലൻസ് അന്വേഷണത്തിന് ശേഷം ശബരിമലയിലേക്ക് അഞ്ചു പേരെയും മാളികപ്പുറത്തേക്ക് മൂന്നു പേരെയുമാണ് അഭിമുഖത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഇന്റർവ്യൂവിൽ നിശ്ചിത മാർക്ക് നേടുന്നവരുടെ പട്ടിക തയ്യാറാക്കി നറുക്കെടുപ്പിലൂടെയാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുക. ഇവർ വൃശ്ചികം 1ന് ചുമതലയേൽക്കും.
കോടതി നിർദ്ദേശങ്ങൾ
ഇന്റർവ്യൂ നടപടികൾ വീഡിയോയിൽ പകർത്തണം.
മാർക്ക് രേഖപ്പെടുത്താൻ ബാൾ പോയിന്റ് പേന മാത്രമേ ഉപയോഗിക്കാവൂ.
മാർക്ക് ലിസ്റ്റിൽ ഒബ്സർവർ കൗണ്ടർ സൈൻ ചെയ്യണം.
അഭിമുഖത്തിന് ശേഷം നിരീക്ഷകനും സ്പെഷ്യൽ കമ്മിഷണറും മുദ്രവച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം.
മാർക്ക് ലിസ്റ്റും വീഡിയോ ദൃശ്യങ്ങളും മുദ്രവച്ച കവറിൽ ഒക്ടോബർ 15നകം ദേവസ്വം ബോർഡ് കോടതിയിൽ ഹാജരാക്കണം.
കോടതിയുടെ പരിശോധനയ്‌ക്ക് ശേഷമേ നറുക്കെടുപ്പ് നടപടികളുമായി മുന്നോട്ട് പോകാവൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |