
കോഴിക്കോട്: നിപ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചർച്ചകൾക്കായി ആരോഗ്യമന്ത്രി കെ മുരളീധരൻ കോഴിക്കോട്ടെത്തി. ഏകോപനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പ്രതിപക്ഷം ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടയിലാണ് ആരോഗ്യമന്ത്രി കോഴിക്കോട്ടെത്തിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി അവലോകനചർച്ചകൾ നടത്തുന്നതിനായി കളക്‌ട്രേറ്റിലേക്ക് പുറപ്പെട്ടു.
ഐസിഎംആറിന്റെ വിദഗ്‌ദ്ധ സംഘമടക്കം ചർച്ചയിൽ പങ്കെടുക്കും. രോഗം സ്ഥിരീകരിച്ച രാമനാട്ടുകരയിൽ ഇന്നലെ ഐസിഎംആർ സംഘം പരിശോധന നടത്തിയിരുന്നു. അവരുടെ നീരീക്ഷണങ്ങളടക്കം യോഗത്തിൽ അവതരിപ്പിക്കും. ജൂൺ പത്തിന് നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിന് ശേഷം സർക്കാർ തലത്തിൽ നടന്നിട്ടുള്ള മുഴുവൻ നീക്കങ്ങളും യോഗത്തിൽ വിലയിരുത്തും. രാമനാട്ടുകരയെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിക്കുമോയെന്ന കാര്യത്തിലടക്കം യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്. നിലവിൽ ഐസോലേഷൻ വാർഡിൽ വെന്റിലേറ്ററിലാണ് രാമനാട്ടുകര സ്വദേശിയായ രോഗി. ഇയാളുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം നൂറായി ഉയർന്നു. ഇതിൽ നാലുപേർ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 14 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും ഉൾപ്പെട്ടിരിക്കുന്നു.
നിപയ്‌ക്ക് പുറമെ ഷിഗെല്ല, കോളറ ആശങ്കയും നിലനിൽക്കുന്നുണ്ട്. കോഴിക്കോട് പയ്യോളി തുറയൂർ പഞ്ചായത്തിൽ ഷിഗെല്ല സ്ഥിരീകരിച്ചു. പതിമൂന്നാം വാർഡിലെ ഒമ്പത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |