SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

കേസില്ലാതെ എന്തിന് വിജി. ട്രൈബ്യൂണൽ: ഹൈക്കോടതി, തുടരണോ എന്ന് പരിശോധിക്കണം

hc

കൊച്ചി: നാമമാത്രമായ കേസുകൾ എത്തുന്ന സംസ്ഥാനത്തെ വിജിലൻസ് ട്രൈബ്യൂണലുകളുടെ പ്രവർത്തനം തുടരണോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഇവയുടെ പ്രവർത്തനം ഓഡിറ്റ് ചെയ്യണം. വർഷത്തിൽ ശരാശരി അഞ്ചു കേസുകൾ മാത്രം തീർപ്പാക്കുന്ന ട്രൈബ്യൂണലുകൾക്കായി കോടിക്കണക്കിന് രൂപയാണ് ശമ്പളത്തിനും മറ്റുമായി ചെലവഴിക്കുന്നത്. ഇവയുടെ ഭാവി തീരുമാനിക്കാൻ കോടതി ഉത്തരവ് ചീഫ് സെക്രട്ടറിക്ക് അയച്ചുകൊടുക്കാൻ ജസ്റ്റിസ് കെ.ബാബു രജിസ്ട്രിയോട് നിർദ്ദേശിച്ചു.

ഗസറ്റഡ് ഉദ്യോഗസ്ഥർക്കെതിരായ അഴിമതി കേസുകളിൽ അന്വേഷണം നടത്തി നടപടി ശുപാർശ ചെയ്യാനായി രൂപീകരിച്ചതാണ് വിജിലൻസ് ട്രൈബ്യൂണലുകൾ. ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസ് വേഗത്തിൽ തീർപ്പാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി നൽകിയ ഹർജിയിലാണ് കോടതി നിരീക്ഷണം.

മൂന്നാറിൽ ചെലവായത് 13 കോടി

മൂന്നാർ ട്രൈബ്യൂണലിന്റെ പ്രവർത്തനം അവസാനിപ്പിച്ചതും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2011ൽ തുറന്ന മൂന്നാർ ട്രൈബ്യൂണൽ 2018വരെ തീർപ്പാക്കിയത് 42 കേസുകൾ മാത്രമായിരുന്നു. അതിനകം 13 കോടി ചെലവിടേണ്ടി വന്നതും ചൂണ്ടിക്കാട്ടി.

പാഴായ ലക്ഷ്യം

2015 മുതൽ 2023 വരെ തിരുവനന്തപുരം വിജിലൻസ് ട്രൈബ്യൂണൽ 35 കേസുകളും കോഴിക്കോട് ട്രൈബ്യൂണൽ 30 കേസുകളുമാണ് തീർപ്പാക്കിയത്. നിലവിൽ പരിഗണനയിലുള്ളത് 10 കേസുകളിൽ താഴെ. വിജിലൻസ് വകുപ്പല്ലാതെ മറ്റ് സർക്കാർ വകുപ്പുകളൊന്നും കേസുകൾ ട്രൈബ്യൂണലിന് വിടുന്നില്ല. കേരള സിവിൽ സർവീസസ് വിജിലൻസ് ട്രൈബ്യൂണൽ റൂൾസ് പ്രകാരം 1960ലാണ് വിജിലൻസ് ട്രൈബ്യൂണലുകൾക്ക് തുടക്കമിട്ടത്. ജില്ലാ ജഡ്ജിയെയോ തത്തുല്യ യോഗ്യതയുള്ളവരെയോ ആണ് അദ്ധ്യക്ഷനായി നിയമിക്കുക. സർക്കാരാണ് കേസുകൾ ട്രൈബ്യൂണലിന് വിടേണ്ടത്. അഴിമതിക്കേസുകൾ വേഗത്തിൽ തീർപ്പാക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA