
ഇതെന്ത് അന്വേഷണമെന്നും ജസ്റ്റിസ് എ.ബദറുദ്ദീൻ
കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ സർക്കാരും പി.എസ്.സിയും ഭായ് ഭായ് കളിക്കാൻ നോക്കരുതെന്ന് ഹൈക്കോടതി ഓർമ്മപ്പെടുത്തി. സർക്കാർ ഒന്നും ചെയ്യുന്നില്ല. പ്രധാന കുറ്റവാളികളെ ചോദ്യം ചെയ്തിട്ടില്ല. നിർണായക രേഖകൾ പിടിച്ചെടുത്തിട്ടില്ല. പിന്നെന്ത് അന്വേഷണമാണിത്? ജസ്റ്റിസ് എ.ബദറുദ്ദീൻ വാക്കാൽ ചോദിച്ചു.
ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിച്ചത്. അന്വേഷണം എന്തായെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. ആരോപണവിധേയർക്ക് നോട്ടീസ് നൽകിയെങ്കിലും പി.എസ്.സി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി ബോധിപ്പിച്ചു. ഇതോടെയാണ് കോടതി കടുത്ത വിമർശനത്തിലേക്ക് കടന്നത്.
കൊലക്കേസാണെങ്കിൽ എന്തു ചെയ്യും? സഹകരിക്കുന്നില്ലെങ്കിൽ പ്രതിയെ അറസ്റ്റ് ചെയ്യില്ലേ ? വ്യവസ്ഥാപിത രീതിയല്ലേ പിന്തുടരേണ്ടത്? പി.എസ്.സി നൽകിയ ഹർജിയെ മറയാക്കി അന്വേഷണം സ്തംഭിപ്പിക്കുകയോ ഉഴപ്പുകയോ ആണ്. അന്വേഷണത്തിന് കോടതി യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. അന്വേഷണം തുടരാനുള്ള സ്വാതന്ത്ര്യം സർക്കാരിനുണ്ട്. ഗൗരവമേറിയ കേസ് വരുമ്പോൾ ഭായ് ഭായ് കളിച്ചിട്ട് കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
നേർക്കുനേർ നിൽക്കാനുള്ള രണ്ടുപേർ ഭായ് ഭായ് ആയാൽ ജനം മൂന്നാമതൊരു സാദ്ധ്യത ആലോചിക്കും. അവരുടെ മുന്നേറ്റമുണ്ടാകും. അതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നതെന്ന് ബോദ്ധ്യമുണ്ടാകണം. ജന വികാരമറിയണമെന്നും കോടതി പറഞ്ഞു.
കോടതി ഇടപെടലിനു പിന്നാലെ ആസൂത്രണബോർഡ് ചീഫ് നിയമനത്തിനുള്ള റാങ്ക് ലിസ്റ്റിൽ മാറ്റം വരുത്തിയിരുന്നു. ആദ്യ പട്ടികയിൽ മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കുകാരനായി. ഒന്നാം റാങ്ക് നേടി നിയമനം ലഭിച്ച അരുൺ ജെ.പ്രതാപ് പുനർമൂല്യനിർണയത്തോടെ അഞ്ചാം റാങ്കിലേക്ക് പിന്തള്ളപ്പെട്ടിരുന്നു. റാങ്ക് ലിസ്റ്റിനെതിരെ ആദ്യം പരാതി ഉന്നയിച്ച വി.എസ്.ജയലാലിനെ പി.എസ്.സിയുടെ ആവശ്യപ്രകാരം
കേസിൽ കക്ഷിചേർത്തു. ഹർജി വീണ്ടും 27ന് പരിഗണിക്കാൻ മാറ്റി.
ഷൈലോക്ക് കഥയിലെ നിബന്ധനപോലെ
പൊതുസേവകർക്കെതിരായ അഴിമതിക്കേസിൽ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന വ്യവസ്ഥ, രക്തം ചിന്താതെ മാംസം അറുക്കണമെന്ന ഷൈലോക്ക് കഥയിലെ നിബന്ധന പോലെയാണെന്ന് കോടതി പറഞ്ഞു. പി.സി ആക്ടിലെ വകുപ്പ് 17 എ, നിയമത്തിലെ മറ്റ് വകുപ്പുകളെയൊക്കെ നിശ്ചലമാക്കുകയാണ്. മുൻകൂർ അനുമതി വേണമെങ്കിൽ കോഴക്കേസുകൾ എങ്ങനെ രജിസ്റ്റർ ചെയ്യും? അന്വേഷണ ഉദ്യോഗസ്ഥന്റെ കൈകൾ ചങ്ങലയ്ക്കിടുന്ന അനാവശ്യ വ്യവസ്ഥയാണിതെന്നും സിംഗിൾബെഞ്ച് നിരീക്ഷിച്ചു.
ഹാജരാവാൻ വീണ്ടും നോട്ടീസ്
തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്ന് രൂക്ഷ വിർമശനം ഉണ്ടായതിനു പിന്നാലെ, പ്ലാനിംഗ്ബോർഡ് നിയമനത്തട്ടിപ്പിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പി.എസ്.സി അംഗങ്ങൾക്ക് വീണ്ടും നോട്ടീസ് നൽകി. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദ്ദേശം. ഹാജരായില്ലെങ്കിൽ വിവരം കോടതിയെ അറിയിച്ചശേഷം സമൻസ് പുറപ്പെടുവിക്കും.
അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ, സി.കെ.ഷാജിബ്, സ്റ്റാനിതോമസ് എന്നിവർക്കാണ് നോട്ടീസ്. അംഗങ്ങളുടെ ചോദ്യംചെയ്യലിനുശേഷമാകും ചെയർമാൻ എം.ആർ.ബൈജുവിനെ ചോദ്യം ചെയ്യുക. ജീവപര്യന്തം തടവുശിക്ഷവരെയോ 10വർഷം തടവും പിഴയുമോ കിട്ടാവുന്ന കുറ്റമാണ് കേസിൽ ചുമത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |