
കൊച്ചി: വ്യവസായങ്ങൾ തുടങ്ങാനുള്ള ഏകജാലക അനുമതിക്കായി പുതിയ നിയമ നിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ (കെ.എസ്.എസ്.ഐ.എ) 66-ാം വാർഷിക പൊതുയോഗവും എം.എസ്.എം.ഇ കോൺഫറൻസും ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2028-ൽ അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സിബിഷൻ മൂന്നാം എഡിഷന്റെ ലോഗോ പ്രകാശനം ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. കളമശേരിയിലെ കെ.എസ്.എസ്.ഐ.എ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുകളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കോൺഫറൻസ് ഹാളും വിദേശ പ്രതിനിധികളുമായി ബി.ടു.ബി മീറ്റ് നടത്തുന്നതിനുള്ള സൗകര്യങ്ങളും ഉൾപ്പെടുന്ന കെട്ടിട നിർമ്മാണത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചു.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ, മുൻ മന്ത്രി പി. രാജീവ് എന്നിവർ സംസാരിച്ചു. ഉമ തോമസ് എം.എൽ.എ, എം.എസ്.എം.ഇ ഡയറക്ടർ ജി.എസ്. പ്രകാശ്, കെ.എസ്.എസ്.ഐ.എ ജനറൽ സെക്രട്ടറി ജോസഫ് പൈകട , ട്രഷറർ ബി. ജയകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ എ. ഫാസിലുദ്ദീൻ, പി.ജെ. ജോസ്, എ.വി. സുനിൽനാദ്, സെക്രട്ടറിമാരായ എം.എസ്. അനസ്, എം.എം. മുജീബ് റഹ്മാൻ, കെ.വി. അൻവർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
2026-28 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. അഞ്ഞൂറിലധികം ജനറൽ കൗൺസിൽ അംഗങ്ങളും കെ.എസ്.എസ്.ഐ.എയിൽ അഫിലിയേറ്റ് ചെയ്ത 18 സംഘടനകളുടെ ഭാരവാഹികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |