
തിരുവനന്തപുരം: നിക്ഷേപ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതി സ്വീകരിക്കാനും പരിഹാരമുണ്ടാക്കാനും ഓൺലൈൻ സംവിധാനം . തട്ടിപ്പിനിരയായവർക്ക് ഓൺലൈനായി പരാതികൾ പൊലീസിന് കൈമാറാം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുമാവും. അന്വേഷണ വിവരങ്ങളും ഓൺലൈനായി ലഭ്യമാക്കും. നഷ്ടപരിഹാരത്തിനുള്ള ക്ലെയിമും നിക്ഷേപ രേഖകളും ഓൺലൈനായി സമർപ്പിക്കാം .
അനധികൃത നിക്ഷേപ പദ്ധതികൾ തടയാനും ,നിക്ഷേപകരെ തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കാനുമുള്ള കേന്ദ്രനിയമമായ ബഡ്സ് ആക്ട് പ്രകാരമാണ് നടപടി.
തട്ടിപ്പുകാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകും. മൂവായിരത്തിലേറെ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുനൂറോളം കേസുകളിൽ പ്രതികളുടെ സ്വത്തും ബാങ്ക് അക്കൗണ്ടും മരവിപ്പിക്കുകയോ കണ്ടുകെട്ടുകയോ ചെയ്തു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പരാതി നൽകാം. രജിസ്റ്റർ ചെയ്ത കേസുകളുടെയും നടപടികളുടെയും വിവരങ്ങളും അറിയാനാവും. സംസ്ഥാനത്ത് ബഡ്സ് ആക്ട് നടപ്പാക്കുന്നതിന് ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയെ കോമ്പിറ്റന്റ് അതോറിറ്റിയായി ചുമതലപ്പെടുത്തി. തട്ടിയെടുത്ത പണം തിരിച്ചു പിടിക്കാൻ ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും , തട്ടിപ്പ് കണ്ടെത്തുകയും വേണം. ഗുരുതര സ്വഭാവമുള്ള തട്ടിപ്പുകൾ സി.ബി.ഐയ്ക്ക് കൈമാറും. 1,600 കോടി തട്ടിയ പോപ്പുലർ ഫിനാൻസ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയിരുന്നു. സഹകരണ മേഖലയിലെ തട്ടിപ്പുകളിലും ബഡ്സ് ആക്ട് ചുമത്തും. ബാങ്കുകൾ, ആർ.ബി.ഐ, സെബി തുടങ്ങിയ ഏജൻസികളുടെ അംഗീകാരമില്ലാതെ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണ്.
പത്തു വർഷം തടവ് കിട്ടാം
അനധികൃത നിക്ഷേപം നടത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 7 വർഷം വരെ തടവ്
പിഴ 10 ലക്ഷം വരെ
അനധികൃതമായി നിക്ഷേപം സ്വീകരിച്ചാൽ 2 മുതൽ 7 വർഷം വരെ തടവ്
പിഴ 3- 10 ലക്ഷം വരെ
സ്വീകരിച്ച നിക്ഷേപം തിരികെ നൽകാതിരുന്നാൽ 10 വർഷം തടവ്
പിഴ 5 ലക്ഷം മുതൽ 50 കോടി വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |