SignIn
Kerala Kaumudi Online
Wednesday, 23 September 2026 12.46 PM IST

'ഞാനല്ലേ ജയചന്ദ്രൻ നീ ആരാ...?'

jayachandran
Jayachandran

ദൂരദർശനു വേണ്ടി ജയേട്ടന്റെ പാട്ട് റെക്കാ‌‌ർഡ് ചെയ്യണം. ഞാൻ ആദ്യമായിട്ട് അദ്ദേഹത്തെ വിളിക്കുകയാണ്. മദ്രാസിലെ നമ്പരിലേക്ക് വിളിച്ചു.

അദ്ദേഹം ഫോണെടുത്തു. ഞാൻ: 'ഹലോ, ഞാൻ ജയചന്ദ്രനാണ്' ഉടനെ ജയേട്ടൻ: 'അതിന് ഞാനല്ലേ ജയചന്ദ്രൻ. നീ ആരാ?'

ഒന്നു പതറി. പിന്നെ രസകരമായ സംഭാഷണമായി അത് മാറി.

''സ്മൃതിതൻ ചിറകിലേറി...'' ''ഋതുചക്രമൂരിയ രഥമായി കാലം'' എന്നീ പാട്ടുകളാണ് ദൂരദർശനുവേണ്ടി തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ റെക്കാഡ് ചെയ്തത്. അദ്ദേഹത്തിന്റെ ആ ഗോൾഡൻ വോയിസ് ആസ്വദിച്ച് മനംനിറഞ്ഞ നിമിഷങ്ങൾ.

ജയേട്ടൻ എന്നു പറയുമ്പോൾ മനസിൽ വരുന്നത്, ഒന്ന് ജയേട്ടൻ എപ്പോഴും എനിക്ക് തരുന്ന സ്നേഹം.രണ്ട് അദ്ദേഹത്തിന്റെ നിത്യഹരിതമായ ആ ശബ്ദം. മാത്രമല്ല, പാടുന്ന പാട്ടുകളിൽ അദ്ദേഹം കൊണ്ടുവരുന്ന ഭാവം. അദ്ദേഹത്തെ ഭാവഗായകൻ എന്നു വിളിക്കുന്നതുകൊണ്ടല്ല, ഞാനിത് പറയുന്നത്. ആ ഭാവം ജയേട്ടന് മാത്രം കൊണ്ടുവരാൻ കഴിയുന്ന ഒന്നാണ്.

അദ്ദേഹത്തിന്റെ പാട്ടുകൾ മറ്റുള്ളവർ പാടി കേട്ടിട്ടുണ്ട് പക്ഷേ, അദ്ദേഹത്തിന്റെ ആ മാന്ത്രിക ശബ്ദത്തിൽ നിറയുന്ന ഭാവം വീണ്ടും പാടുന്നവർക്ക് കൊണ്ടുവരാനാകില്ല. പാട്ടിന്റെ ആത്മാവറിഞ്ഞാണ് ജയേട്ടൻ പാടുന്നത്.

ജയേട്ടന്റെ സ്നേഹത്തിൽ പിണക്കവും വഴക്കുമൊക്കെ സാധാരണമാണ്. ജയേട്ടനും ഞാനും എല്ലാം തുറന്നു പറയും. അപ്പോൾ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അതൊക്കെ നൈമിഷികമായ സൗന്ദര്യപ്പിണക്കങ്ങളാണ്. ഞങ്ങൾക്കിടയിൽ എപ്പോഴും സ്നേഹത്തിന്റെ അന്തർലീനമായ മനോഹരമായ ഭാവം ഉണ്ട്. സംഗീതകാരന്മാർ തമ്മിലുള്ള ബന്ധത്തെക്കാളേറെ മൂത്ത സഹോദരൻ എന്ന ബന്ധമാണുള്ളത്. എനിക്കത്രമേൽ ഇഷ്ടമേറിയ ഗായകനാണ്.

കല്ലായി കടവത്തെ എന്ന പാട്ട് റെക്കാഡ് ചെയ്തത് മറക്കാനാകില്ല. ഉറങ്ങാതെ രാവുറങ്ങി, കണ്ണു നട്ടു കാത്തിരുന്നിട്ടും, പാട്ടിൽ ഈ പാട്ടിൽ..... അങ്ങനെ എത്രയെത്രയോ പാട്ടുകൾ ജയേട്ടനുമായി ചേർന്ന് ഒരുക്കിയിരിക്കുന്നു. ഏറ്റവും ഒടുവിൽ എന്റെ സംഗീതത്തിൽ ജയേട്ടൻ പാടിയത് ഒറ്റ എന്ന സിനിമയ്ക്കു വേണ്ടി പെയ്‌നീർ പോലെ എന്ന പാട്ടായിരുന്നു.

ജയേട്ടന് 80 വയസ് എന്ന് വിശ്വസിക്കാനാകില്ല. അദ്ദേഹം ശബ്ദത്തിന്റെ ചെറുപ്പം ഇപ്പോഴും നിലനിറുത്തുന്നു.

ജയേട്ടന് എല്ലാ ഐശ്വര്യവും അദ്ദേഹത്തിന്റെ ഇഷ്ട‌ദൈവം ഗുരുവായൂരപ്പൻ നൽകട്ടെ എന്ന് ആശംസിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYACHANDRAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA