SignIn
Kerala Kaumudi Online
Tuesday, 22 September 2026 7.22 PM IST

'മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ട്, കേരളം ഭരിക്കുന്നത് സംഘപരിവാർ ബി‌ ടീം'

mv-govidan
എം വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളം ഭരിക്കുന്നത് സംഘപരിവാർ ബി ടീമെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മോദിയും വിഡിയും ഇഡിയും ചേർന്ന കൂട്ടുകെട്ടുണ്ടെന്നും അതിനെയാണ് താൻ സംഘപരിവാർ ബി ടീം എന്ന് വിശേഷിപ്പിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കെതിരായി നിലപാട് സ്വീകരിക്കുന്നതെന്നും അതിനെ പിന്തുണയ്ക്കുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. നേരത്തെ ഇത്തരം നിർദേശങ്ങൾ തമിഴ്നാട്, പഞ്ചാബ് സർക്കാരുകൾക്ക് ഇഡി നൽകിയപ്പോൾ അവർ അത് തള്ളികളയുകയായിരുന്നെന്നും എന്നാൽ ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെയും മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും കേസിന്റെ ഭാഗമാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എംവി ഗോവിന്ദന്റെ വാക്കുകളിലേയ്ക്ക്

'ഇടതുപക്ഷത്തിനെതിരായ കോലിബി സഖ്യം വീണ്ടും വരുന്നുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ ആരംഭിച്ച ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് ഭരണതലത്തിൽ തീവ്രമായി തുടരുകയാണ്. മാസപ്പടി കേസ് ആരംഭിച്ച ഘട്ടത്തിൽ തന്നെ ഇത് പിണറായി വിജയനെ ലക്ഷ്യമിട്ടുള്ളതാണെന്ന് പാർട്ടി വ്യക്തമാക്കിയിരുന്നതാണ്. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഇഡിയുണ്ടാക്കിയ ഓരോ മൊഴികളും പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ പിൻവലിക്കപ്പെട്ട മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുക എന്നത് കേട്ടുകേഴ്‌വിയില്ലാത്ത നടപടിയാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലും നയപ്രഖ്യാപനത്തിലും ബഡ്ജറ്റ് പ്രസംഗത്തിലും കേന്ദ്ര നയങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നതും ബിജെപിക്ക് വഴങ്ങുന്നതുമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കാനുള്ള നീക്കം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ ഉൾപ്പെടെ എസ്എഫ്ഐ വൻ വിജയം കരസ്ഥമാക്കിയ പശ്ചാത്തലത്തിലാണ്. ഗവർണറുടെ ഉത്തരവ് അനുസരിച്ചാണ് കേരള സർവകലാശാല ഇത്തരം ജനാധിപത്യവിരുദ്ധ നിലപാടുകളിലേക്ക് കടക്കുന്നത്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ നീക്കങ്ങളെ പൂർണമായി ന്യായീകരിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പരസ്യമായി യുഡിഎഫിനെ പിന്തുണച്ച് രംഗത്ത് വരുന്നു. ഇഡിയുടെ നിർദേശപ്രകാരം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഈ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. കേരളത്തിൽ ഇടതുപക്ഷത്തിനെതിരായാണ് ബിജെപി-കോൺഗ്രസ് സഖ്യം പ്രവർത്തിക്കുന്നത്. ഈ രാഷ്ട്രീയ വേട്ടയെ പാർട്ടി ശക്തമായി പ്രതിരോധിക്കും'.

English Summary

CPM State Secretary M.V. Govindan accused the Kerala UDF government of being a "Sangh Parivar B team," alleging a Modi-VD-ED nexus. He criticized the government for transferring the Masappadi case to a special investigation team as per ED's directive, contrasting it with other states rejecting similar instructions, which he said aids central agencies targeting opposition.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NARENDRA MODI GOVERNMENT, MODI VD ED ALLIANCE, MV GOVINDAN, CPM, UDF GOVERNMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA