SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

ചുവന്ന കൊടുവേലി ക്യാൻസർ പ്രതിരോധ മരുന്നാകുന്നു

cet

തിരുവനന്തപുരം : ചുവന്ന കൊടുവേലി സംയുക്തത്തിന് ക്യാൻസറിനെ ചെറുക്കാൻ കഴിയുമെന്ന തിരുവനന്തപുരം എൻജിനിയറിം കോളേജിലെ ഗവേഷകരുടെ കണ്ടെത്തൽ മരുന്ന് നിർമ്മാണത്തിലേക്ക് കടക്കുന്നു. 2022ൽ കണ്ടെത്തലിന് ലഭിച്ച പേറ്റന്റ് ലൈസൻസ് വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിർമ്മിക്കുന്നതിനായി ഹെൽത്ത് കെയർ കമ്പനിക്ക് കൈമാറി. ലൈസൻസ് കൈമാറ്റത്തുകയ്ക്ക് പുറമേ മരുന്ന് വിപണിയിലെത്തിയാൽ വർഷംതോറും രണ്ടു ശതമാനം റോയൽറ്റിയും സി.ഇ.ടിക്ക് ലഭിക്കും. ലൈസൻസ് കൈമാറ്റത്തുക എത്രയെന്ന് മറ്റു സാദ്ധ്യതകൾകൂടി പരിഗണിച്ചാവും തീരുമാനിക്കുക.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആദ്യമായാണ് ഇത്തരത്തിൽ പേറ്റന്റ് ലൈസൻസ് കൈമാറ്റം നടക്കുന്നത്. സി.ഇ.ടിയിലെ കെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന ഡോ.ആനറ്റ് ഫെർണ്ടാസിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർത്ഥികളായിരുന്ന ഡോ.ബി.അരുൺകുമാർ,ഡോ.ഷൈനി പി.ലൈല എന്നിവർ ചേർന്ന് 2009ലാണ് ഇതു സംബന്ധിച്ച പഠനം തുടങ്ങിയത്.കൊടുവേലി വേരിലെ പ്ലംബാഗിൻ ഹൈഡ്രോക്‌സി ക്വിനോണിന്റെ ഘടനാപരമായ പരിഷ്‌കരണത്തിലുടെ ലഭിച്ച ഫ്ളൂറോ ഡെറിവേറ്റീവെന്ന സംയുക്തം ക്യാൻസറിനെ ചെറുക്കാൻ ഫലപ്രദമെന്നായിരുന്നു കണ്ടെത്തൽ. 2022ൽ ഇതിനു പേറ്റന്റ് ലഭിച്ചു. സി.ഇ.ടി ഗവേഷണ സ്ഥാപനമല്ലാത്തതിനാൽ പേറ്റന്റ് ലൈസൻസ് കൈമാറ്റം സുഗമമായിരുന്നില്ല. അതിനാൽ, താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇതോടെയാണ് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജുനു ഹെൽത്ത് കെയർ ഫാർമയ്ക്ക് ഏപ്രിലിൽ ലൈസൻസ് കൈമാറിയത്.

എലികളിൽ ഫലപ്രദം

രക്താർബുദം, വൻകുടലിലെയും ത്വക്കിലെയും ക്യാൻസർ എന്നിവയ്ക്ക് ഉൾപ്പെടെ ചുവന്ന കൊടുവേലി സംയുക്തം ഫലപ്രദമാണ്. തൃശൂർ അമല ക്യാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എലികളിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. മറ്റ് പലതരം ക്യാൻസുകൾക്കും കൊടുവേലി സംയുക്തം ഫലപ്രദമാണോയെന്ന പഠനം നടത്തേണ്ടത് ലൈസൻസ് വാങ്ങിയ കമ്പനിയാണ്. തുടർന്നാകും മരുന്നുത്പാദനത്തിലേക്ക് കടക്കുക.

ക്യാൻസർ ചികിത്സാരംഗത്ത് വലിയൊരു മുന്നേറ്റത്തിന് കണ്ടെത്തൽ വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

-ഡോ.ആനറ്റ് ഫെർണ്ടാസ്.

സി.ഇ.ടി, കെമിസ്ട്രി വിഭാഗം മുൻമേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KODUVELI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA