SignIn
Kerala Kaumudi Online
Monday, 28 September 2026 3.01 AM IST

മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം: കെ.എം.ഷാജി

s

കോഴിക്കോട്: മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രി വാഹനം. ആരെങ്കിലും മന്ത്രിയുടെ വാഹനത്തിൽ സഞ്ചരിച്ചാൽ അവരൊന്നും മന്ത്രിയാകില്ല. സ്വകാര്യ വാഹനങ്ങൾ സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി തെറ്റില്ലെന്നും മന്ത്രി കെ.എം.ഷാജി പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഹൃത്തിന്റെ വാഹനം താൻ ഉപയോഗിച്ചതിന് ഏകപക്ഷീയമായാണ് വാർത്തകൾ വന്നത്. അഴീക്കോട് എം.എൽ.എയായിരുന്ന കാലത്തും ഉപയോഗിച്ചിരുന്നത് ഇതേ വാഹനമായിരുന്നു. വേണ്ടിവന്നാൽ ഇനിയും ഉപയോഗിക്കും. സി.പി.എമ്മിന്റെ സൈബർ വിഭാഗം നടത്തിയ പ്രചാരണങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. റേഞ്ച് റോവറിന് മുന്നിൽ നിൽക്കുന്ന രീതിയിൽ പ്രചരിച്ച തന്റെ ചിത്രം എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്. മന്ത്രിമാർ സ്വകാര്യ വാഹനം ഉപയോഗിക്കുമ്പോൾ മുൻകൂർ അനുമതി വേണമെന്നത് കീഴ്‌വഴക്കം മാത്രമാണ്. അതേസമയം, എൽ.ഡി.എഫിന്റെ തദ്ദേശഭരണ കാലയളവിലെ ക്രമക്കേടുകൾ സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സ്വകാര്യവാഹനങ്ങളിൽ ഔദ്യോഗിക ബോർഡ് വയ്ക്കാൻ അനുമതി വേണം

തിരുവനന്തപുരം: മന്ത്രി സഞ്ചരിക്കുന്ന കാറാണ് മന്ത്രിയുടെ കാർ എന്ന മന്ത്രി കെ.എം.ഷാജിയുടെ വാദത്തിൽ കഴമ്പില്ല. ദേശീയപതാകയും സർക്കാർ ബോർഡും സ്വകാര്യ വാഹനത്തിൽ ഉപയോഗിക്കണമെങ്കിൽ സർക്കാർ അനുമതി ആവശ്യമാണ്. സ്വകാര്യ കാർ ഉപയോഗിക്കണമെങ്കിൽ മന്ത്രിമാർ പൊതുഭരണ വകുപ്പിൽ അപേക്ഷ നൽകി, മുഖ്യമന്ത്രി ഈ അപേക്ഷയിൽ തീരുമാനമെടുക്കണം. സർക്കാരിൽ നിന്ന് പ്രത്യേകമായി അനുവദിക്കപ്പെട്ടതോ അല്ലെങ്കിൽ സർക്കാർ ഉത്തരവിലൂടെ നിയോഗിക്കപ്പെട്ടതോ ആയ വാഹനങ്ങളിലേ മന്ത്രിമാർക്ക് ഔദ്യോഗിക ബോർഡ് വെച്ച് യാത്ര ചെയ്യാൻ അനുവാദമുള്ളൂ. ഗവർണർക്കോ എം.പി - എം.എൽ.എമാർക്കോ നൽകിയിട്ടുള്ള ഇളവ് മന്ത്രിമാർക്കോ കളക്ടർമാർക്കോ ബാധകമല്ല. 1989ലെ മോട്ടോർ വെഹിക്കിൾ റൂൾസിലെ റൂൾ 92 എ പ്രകാരം 2015ലാണ് ഗതാഗത വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2019 നവംബർ 15ന് നിയമസഭയിൽ അന്നത്തെ എം.എൽ.എ പി.ടി.എ റഹീം ഉന്നയിച്ച ചോദ്യത്തിന് അന്നത്തെ ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ നൽകിയ മറുപടിയിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KMSHAJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA