SignIn
Kerala Kaumudi Online
Saturday, 11 July 2026 2.21 PM IST

ദുരന്തത്തിനിരയായ നാലുപേരും ജോലിക്കുകയറിയത് രണ്ടുമാസംമുമ്പ്, അപകടസ്ഥലത്ത് ചിതറി വിവാഹത്തിന് വാങ്ങിയ പുത്തൻ വസ്ത്രങ്ങൾ

accident
കണ്ണൂർ കൂടാളി കുംഭം റോഡിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് നാലുപേരുടെ മരണത്തിനിടയായ അപകടം. ഫോട്ടോ: ആഷ്‌ലി ജോസ്

കണ്ണൂർ: വീട്ടിലെത്താൻ അരമണിക്കൂർ മാത്രം ശേഷിക്കെയാണ് കണ്ണൂർ കൂടാളി കുംഭം റോഡിൽ നാലുപേരെ മരണം തട്ടിയെടുത്തത്. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്‌വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കണ്ണൂർ അലവിൽ കോളനി ഗേറ്റ് മന്നത്തിൽ മൊയ്തീന്റെ മകൻ ഷാൻ ബംഗളൂരുവിൽ നിന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തിയത്. ഇന്നും നാളെയുമായിട്ടാണ് വിവാഹം നടക്കുന്നത്. വിവാഹത്തിന് ധരിക്കാനുള്ള പുത്തൻ വസ്ത്രങ്ങളും ഇവർ കരുതിയിരുന്നു.അപകടസ്ഥലത്ത് ഈ പുത്തൻ വസ്ത്രങ്ങൾ ചിതറിക്കിടക്കുന്നത് നൊമ്പരക്കാഴ്ചയായി. പഠനം പൂർത്തിയാക്കി രണ്ടുമാസം മുമ്പാണ് ഷാനും സുത്തൃത്തുക്കളും ബംഗളൂരുവിലെ വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചത്.

രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. റോഡുവക്കിലെ തണൽമരത്തിൽ ഇടിച്ചുകയറിയ കാർ നിശേഷം തകർന്നു. ഇടിയുടെ ആഘാതത്തിൽ കൂറ്റൻ മരത്തിന്റെ തൊലി ഉരിഞ്ഞുപോയി. പരിസരവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മട്ടന്നൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് കരുതുന്നത്. നിറയെ വളവുകളുള്ളതിനാൽ കൂടാളി കുംഭം റോഡ് സ്ഥിരം അപകടക്കെണിയാണ്. അപകടമൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല.

English Summary

Four people died and one was seriously injured in a car accident on Kannur's Koodali-Kumbam Road around 11:30 PM. The car lost control and collided with a tree. The deceased were identified as Param Chhetri, Harsh, Rizwan, and Shan. The injured person is undergoing hospital treatment. They were reportedly en route to a wedding.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KANNUR CAR ACCIDENT, KANNUR ACCIDENT NEWS, KERALA ROAD ACCIDENT, FOUR KILLED KANNUR, KANNUR APAKADAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA