SignIn
Kerala Kaumudi Online
Friday, 23 October 2026 6.39 PM IST

അജിത് കുമാറിനെ മാറ്റാൻ  ആഭ്യന്തര വകുപ്പ് ശുപാർശ #മുഖ്യമന്ത്രി ഡി.ജി.പിയോട് അടിയന്തര റിപ്പോർട്ട് തേടി എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരംമുറിയിൽ അന്വേഷണം

f

തിരുവന്തപുരം: സർക്കാരിനെയും പൊലീസിനെയും പ്രതികൂട്ടിലാക്കി പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിൽ ഉൾപ്പെട്ട എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെയും എസ്.പി സുജിത് ദാസിനെയും ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി നിറുത്തി അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി.

സുജിത്ദാസുമായി ബന്ധപ്പെട്ട മരംമുറി സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി ഉടനടി നിർദേശം നൽകിയെങ്കിലും ഇരുവരെയും മാറ്റണമെന്ന ശുപാർശയിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനോട് റിപ്പോർട്ട് തേടി. ഡി.ജി.പി അടിയന്തരമായി എ.ഡി.ജി.പിമാർ അടക്കമുള്ള ഉന്നതരുടെയോഗം വിളിച്ച് വസ്തുതകൾ വിലയിരുത്തി. കഴിഞ്ഞ ദിവസം എ.ഡി.ജി.പി അജിത് കുമാർ ഡി.ജി.പിയെയും മുഖ്യമന്ത്രിയെയും സന്ദർശിച്ച് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടാകും.

ഇരുവരെയും അടിയന്തരമായി ക്രമസമാധാനപാലന ചുമതലയിൽ നിന്നു മാറ്റിനിർത്തി അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. ആരോപണം നീളുന്നത് കൊലപാതകം, സ്വർണക്കടത്ത് എന്നിവയിലേക്കാണെന്നും അത് ഗൗരവതരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇരുവർക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതിയിൽ എത്താനുള്ള സാദ്ധ്യത സർക്കാർ കാണുന്നുണ്ട്.

എസ്.പിയുടെ വിവാദ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നപ്പോൾത്തന്നെ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. അതു പ്രകാരമാണ് ഇന്നലെ റിപ്പോർട്ട് നൽകിയത്.

സുജിത് ദാസ് മലപ്പുറം എസ്.പിയായിരിക്കെ ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലാണ് അന്വേഷണം. തൃശൂർ റേഞ്ച് ഡി.ഐ.ജിക്കാണ് അന്വേഷണ ചുമതല.

മന്ത്രിമാരുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോണുകൾ എ.ഡി.ജി.പി ചോർത്തിയെന്ന അൻവറിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ നിലപാട്. ഈ ഘട്ടത്തിൽ വേണ്ടെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA