
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും എ.ഡി.ജി.പി അജിത്കുമാറിനും എതിരെ ഭരണകക്ഷി എം.എൽ.എയായ അൻവർ ഉന്നയിച്ച ആരോപണത്തിൽ നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിനെയും ആഭ്യന്തരവകുപ്പിനെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ഗുരുതമായ വെളിപ്പെടുത്തലുകളാണ് അൻവർ നടത്തിയത്. ഫോൺചോർത്തൽ,കൊലപാതകം,സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് എ.ഡി.ജി.പിക്കെതിരെ എം.എൽ.എ ഉന്നയിക്കുന്നത്. ഈ എ.ഡി.ജി.പിയെ എത്രയും വേഗം സർവീസിൽ നിന്ന് പുറത്താക്കണം. ആഭ്യന്തര വകുപ്പിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണ്. അൻവറിന്റെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുൻപ് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പ്രതികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട ഉദ്യോഗസ്ഥനാണ് ഈ എ.ഡി.ജി.പി. ഇദ്ദേഹത്തിന് ക്രമസമാധാന ചുമതല നൽകിയാണ് രണ്ടാം പിണറായി സർക്കാർ പ്രത്യുപകാരം ചെയ്തത്.
ഉപജാപക സംഘത്തിന് സമ്പൂർണ്ണ വിധേയനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.പിണറായി വിജയന് ആത്മാഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |