
എ.ഡി.ജി.പി മനോജ്എബ്രഹാമിനെ വിളിച്ചുവരുത്തിയില്ലെന്ന് രാജ്ഭവൻ
തിരുവനന്തപുരം: ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേൽക്കും മുൻപേ, ഗവർണറുടെ സുരക്ഷാ സംഘത്തിലുണ്ടായിരുന്ന മൂന്ന് പൊലീസുദ്യോഗസ്ഥരെ മാറ്റിയതിൽ രാജ്ഭവന് അതൃപ്തി. സർക്കാരിന്റെ വിശ്വസ്തരായ മൂന്നുപേരെയാണ് പകരം നിയമിച്ചത്. വിവരങ്ങൾ ചോർത്താൻ ലക്ഷ്യമിട്ടാണ് സ്ഥലംമാറ്റമെന്ന് ആക്ഷേപമുയർന്നതോടെ ഗവർണറുടെ സെക്രട്ടറി വിയോജിപ്പ് അറിയിച്ച് ഡി.ജി.പിയുടെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് കത്ത് നൽകിയതിന് പിന്നാലെ സ്ഥലംമാറ്റം മരവിപ്പിച്ചു.
ഗവർണർക്കൊപ്പം യാത്രകളിലും ചടങ്ങുകളിലും അനുഗമിച്ചിരുന്ന രണ്ട് ഐസ്.ഐ, ഒരു സീനിയർ സിവിൽ പൊലീസ് ഓഫീസർ എന്നിവരെയാണ് മാറ്റിയത്.
രാജ്ഭവനുമായി ആലോചിക്കാതെ പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയുടെ നിർദ്ദേശപ്രകാരമായിരുന്നു സ്ഥലംമാറ്റം. സ്ഥലംമാറ്റിയവരിൽ രണ്ട് ഉദ്യോഗസ്ഥർ താമസിയാതെ വിരമിക്കുന്നവരാണ് . സുരക്ഷാ സംഘത്തിലുള്ളവരുടെ ഫിറ്റ്‌നസ് അടക്കം പരിശോധിച്ചാണ് ഒഴിവാക്കേണ്ടത്. എ.ഡി.ജി.പി മനോജ്എബ്രഹാമിനെ ഇക്കാര്യത്തിനായി ഗവർണർ വിളിച്ചുവരുത്തിയിട്ടില്ലെന്നും രാജ്ഭവൻ വിശദീകരിച്ചു.
ഗവർണർ ആർലേക്കറുടെ എ.ഡി.സിയായി നിയമിക്കാൻ മൂന്ന് ജൂനിയർ എസ്.പിമാരുടെ പട്ടിക രാജ്ഭവന് കൈമാറി. ഇതിലൊരാളെ ഗവർണർ നിയമിക്കും. ആരിഫ് മുഹമ്മദ് ഖാന്റെ എ.ഡി.സിയായിരുന്ന ഡോ.അരുൾ ആർ.ബി കൃഷ്ണയെ റെയിൽവേ എസ്.പിയായി മാറ്റിനിയമിച്ചിരുന്നു. ആർലേക്കർക്കൊപ്പം ഒ.എസ്.ഡിയായി നാവികസേനയിലെ ഉദ്യോഗസ്ഥൻ പ്രതീഷ് എത്തിയിട്ടുണ്ട്.
നിയമസഭ ചേരാൻ
അനുമതി
ഈ മാസം 17മുതൽ നിയമസഭ വിളിച്ചുചേർക്കാനുള്ള മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ ഗവർണർ ഇന്നലെ അംഗീകരിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനമാണിത്.
ഗവർണറുടെ
സുരക്ഷ പൊലീസിന്
തിരുവനന്തപുരം: മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്ക്കുണ്ടായിരുന്ന സി.ആർ.പി.എഫ് സംഘം മടങ്ങിയതോടെ, പുതിയ ഗവർണർ ആർലേക്കറുടെ സുരക്ഷ പൂർണമായി പൊലീസ് ഏറ്റെടുത്തു. പൊലീസിന്റെ ഏറ്റവും ഉയർന്ന സുരക്ഷാ തലമായ ഇസഡ് പ്ലസ് സുരക്ഷയാണ് ഗവർണർക്കുള്ളത്. മുഖ്യമന്ത്രിക്കും ഇതേ സുരക്ഷയാണുള്ളത്.
ഗവർണറുടെ യാത്രകളിലും താമസസ്ഥലത്തും ഓഫീസിലുമടക്കം പൊലീസ് സുരക്ഷയൊരുക്കും. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണ് ഗവർണർക്ക് ചുറ്റിലും സുരക്ഷാചുമതല വഹിക്കുക. പരിപാടികൾക്ക് സുരക്ഷയൊരുക്കുന്നത് അവിടത്തെ എസ്.പിയായിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാസന്നാഹങ്ങളാവും ഗവർണർക്ക് ഏർപ്പെടുത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |