SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 PM IST

നവീൻ ബാബുവിന്റെ മരണം കൊലപാതക സാദ്ധ്യതയും അന്വേഷിക്കണം: ഹൈക്കോടതി

READ ENGLISH VERSION
f

കൊച്ചി: നവീൻ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ഭാര്യ കെ.മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ലെങ്കിലും കൊന്നു കെട്ടിത്തൂക്കിയതാകാമെന്ന ഹർജിക്കാരിയുടെ സംശയമടക്കം പ്രത്യേക പൊലീസ് സംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

അന്വേഷണം കണ്ണൂർ റേഞ്ച് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി പൂർത്തിയാക്കണം. വിവരങ്ങൾ ഡി.ഐ.ജിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യണം. അന്വേഷണ പുരോഗതി ഹർജിക്കാരിയെയും അറിയിക്കണം. അന്തിമ റിപ്പോർട്ടിന്റെ കരട് ഡി.ഐ.ജിക്ക് സമർപ്പിക്കണം. ഡി.ഐ.ജി അനുമതി നൽകിയ ശേഷമേ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാവൂ എന്നും മഞ്ജുഷയുടെ ഹർജി തീർപ്പാക്കിക്കൊണ്ട് കോടതി ഉത്തരവിട്ടു.

നവീനിന്റെ അടിവസ്ത്രത്തിലെ രക്തക്കറ ഇൻക്വസ്റ്റിൽ കണ്ടെത്തിയെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇതിനെക്കുറിച്ച് പറയുന്നില്ലെന്ന് ഹർജിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മൂത്രാശയക്കല്ല് പോലുള്ള കാരണങ്ങളായിരിക്കാം രക്തക്കറയ്‌ക്ക് കാരണമെന്ന ഡോക്ടറുടെ വിശദീകരണം കേസ് ഡയറിയിലുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഒക്ടോബർ 15ന് കണ്ണൂരിലെ ക്വാർട്ടേഴ്‌സിലാണ് നവീനിനെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.

'ഇൻക്വസ്റ്റ് അഞ്ച് സ്വതന്ത്ര

സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ'

 പ്രതി പി.പി.ദിവ്യയ്‌ക്ക് ഭരണകക്ഷിയുമായി ബന്ധം ഉണ്ടെന്നതിന്റെ പേരിൽ മാത്രം അന്വേഷണം സി.ബി.ഐക്ക് കൈമാറാനാകില്ലെന്നും ഹൈക്കോടതി

സയന്റിഫിക് അസിസ്റ്റന്റും വിരലടയാള വിദഗ്ദ്ധരും ആദ്യം തന്നെ എത്തിയിരുന്നു. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്

പത്തനംതിട്ടയിൽ നിന്ന് ബന്ധുക്കൾ വരുന്നതുവരെ മൃതദേഹം സൂക്ഷിക്കുന്നത് പ്രായോഗികമല്ല. ബന്ധുക്കൾ എത്തിയത് 15 മണിക്കൂറിന് ശേഷമാണ്

മരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ ദേഹപരിശോധന നടത്തേണ്ടതുണ്ട്. അതിന് ബന്ധുക്കളുടെ സാന്നിദ്ധ്യം അനിവാര്യമല്ലെന്നും കോടതി

ഡിവിഷൻ ബെഞ്ചിനെ

സമീപിക്കും: മഞ്ജുഷ

പത്തനംതിട്ട: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിൽ നിരാശയുണ്ടെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ. വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മരണത്തിലേക്ക് നയിച്ചതിന്റെ യഥാർത്ഥ വസ്തുതകൾ തെളിയിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നീതി ലഭിക്കാൻ മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനം.

''വിധി വളരെയധികം വിഷമം ഉണ്ടാക്കി. അപ്പീൽ നൽകാനാണ് തീരുമാനം. നീതി ലഭിക്കുമെന്നാണ് വിശ്വാസം

-അഡ്വ. പ്രവീൺ ബാബു

നവീനിന്റെ സഹോദരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA