
കൊച്ചി: സി.പി.എം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സിന് ഹൈക്കോടതിയുടെ വിമർശനം. ഗ്രന്ഥകാരനെ അറിയിക്കാതെയും കരാർ വയ്‌ക്കാതെയും പുസ്തകത്തിന് പേരിട്ടതും പ്രകാശനതീയതി നിശ്ചയിച്ച് നോട്ടീസിറക്കിയതും ഗുരുതരമായ വിഷയമാണെന്ന് കോടതി വിലയിരുത്തി. ഡി.സി ബുക്സ് സീനിയർ ഡെപ്യൂട്ടി എഡിറ്ററായിരുന്ന കോട്ടയം സ്വദേശി എ.വി.ശ്രീകുമാറിന് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം.
'കട്ടൻ ചായയും പരിപ്പുവടയും: ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം' എന്ന പുസ്തകത്തിലെ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതിന്റെ പേരിലാണ് ശ്രീകുമാർ പൊലീസ് അന്വേഷണം നേരിടുന്നത്. താൻ ജീവനക്കാരൻ മാത്രമാണെന്നും എഡിറ്റോറിയൽ ബോർഡ് എടുത്ത തീരുമാനങ്ങളിൽ നേരിട്ട് പങ്കില്ലെന്നും ശ്രീകുമാർ ബോധിപ്പിച്ചു. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥ് അയച്ച വിവരങ്ങൾ ജോലിയുടെ ഭാഗമായി എഡിറ്റ് ചെയ്യുക മാത്രമാണുണ്ടായതെന്നും വാദിച്ചു.
ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച പ്രസാധകർ എഴുത്തുകാരന്റെ സമ്മതമില്ലാതെ തീരുമാനങ്ങളെടുത്തത് അത്ഭുതപ്പെടുത്തിയെന്ന് കോടതി പറഞ്ഞു. വിശ്വാസവഞ്ചനയടക്കമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഇതിലുണ്ട്. ഉത്തരവാദികൾ ആരെല്ലാമാണെന്ന് അന്വേഷണസംഘം കണ്ടെത്തേണ്ടതാണ്.
ഹർജിക്കാരനെതിരെ 7 വർഷത്തിൽ താഴെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമായതുകൊണ്ടു മാത്രം മുൻകൂർ ജാമ്യം നൽകാൻ നിർബന്ധിതമാവുകയാണെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി.
പുസ്കക പ്രകാശന നോട്ടീസ് ഡി.സി തന്നെ വെബ്സൈറ്റിലിട്ടിരുന്നു എന്നതിനാൽ മാദ്ധ്യമങ്ങളെ ചോദ്യം ചെയ്യേണ്ടതില്ല. ശ്രീകുമാർ രണ്ടാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തുന്ന പക്ഷം 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലും വിട്ടയയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |