
കോതമംഗലം: പി.വി. അൻവറിനെ യു.ഡി.എഫിൽ എടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ചർച്ച മാദ്ധ്യമ സൃഷ്‌ടി മാത്രമാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അൻവറിനെ അറസ്റ്റ് ചെയ്‌തത് ശുദ്ധ അസംബന്ധവും കാടത്തവുമാണ്. അൻവർ ഉന്നയിച്ചത് സത്യസന്ധമായ വിഷയമാണ്. അതിനെ ഈ വിധത്തിലാണോ നേരിടേണ്ടത്? ഭരിക്കുന്നത് കാടൻമാരാണ്.
നവീൻ ബാബുവിന്റ മരണം സി.ബി.ഐ അന്വേക്ഷിക്കേണ്ടതില്ലെന്ന കോടതി ഉത്തരവ് പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.
വയനാട് ഡി.സി.സി ട്രഷററായിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കും. വിജയൻ തനിക്കെഴുതിയ കത്ത് വീട്ടിൽ ലഭിച്ചിട്ടുണ്ട്. വായിക്കാൻ കഴിഞ്ഞിട്ടില്ല. വിഷയം കെ.പി.സി.സി. ഗൗരവത്തോടെ പരിശോധിക്കും. ആത്മഹത്യയെക്കുറിച്ച് അന്വേക്ഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉരുളൻതണ്ണിയിൽ കാട്ടാന കൊലപ്പെടുത്തിയ കൊടിയാട്ട് എൽദോസിന്റെ വീട് അദ്ദേഹം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |