
തൃശൂർ: പൂരം കലക്കൽ സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോർട്ട്. നേരത്തെ എ.ഡി.ജി.പി എം.ആർ.അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ റവന്യൂ വകുപ്പിനെയും തിരുവമ്പാടി ദേവസ്വം ഭാരവാഹികളെയും ജില്ലാ ഭരണകൂടത്തെയുമാണ് പഴിചാരിയത്. ആ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചില്ല. മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിൽ, ഇവരുടെ ഭാഗത്ത് വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിലും ഗൗരവമായ വീഴ്ച പൊലീസിൽ നിന്നാണെന്ന് കണ്ടെത്തി. റവന്യൂ, വനംവകുപ്പ്, എക്‌സ്‌പ്ലൊസീവ് വിഭാഗം എന്നിവയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളെ വലിയ പ്രശ്‌നമായി റിപ്പോർട്ടിൽ പറയുന്നില്ല. വെടിക്കെട്ട് നടത്തുന്നതിനെ സംബന്ധിച്ച് വ്യക്തമായ നിർദ്ദേശവും റിപ്പോർട്ടിലുണ്ട് . വെടിക്കെട്ടിന് അനുമതി ലഭിച്ചാൽ ദേവസ്വം ഭാരവാഹികളാണ് എല്ലാം നടത്തുന്നത്.
അത് ശരിയായ നടപടിയല്ല. വെടിക്കെട്ട് നടത്തുന്നവർ വരും വർഷങ്ങളിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും എക്‌സ്‌പ്ലൊസീവ് വിഭാഗം ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിലായിരിക്കണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ത്രിതല അന്വേഷണമാണ് നടക്കുന്നത്. പൂരം അട്ടിമറിയിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും, എ.ഡി.ജി.പി അജിത് കുമാറിന്റെ വീഴ്ച ഡി.ജി.പിയുമാണ് അന്വേഷിക്കുന്നത്.
മൂന്ന് റിപ്പോർട്ടുകളും കിട്ടിയാലേ മുഖ്യമന്ത്രി തുടർ നടപടി സ്വീകരിക്കൂ. ഡി.ജി.പിയും ക്രൈംബ്രാഞ്ചും അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്.
പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് അന്ന് സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി എം.ആർ.അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ച ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |