
ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധിപ്പെട്ട് സർവകലാശാലകളിലെയും കോളേജുകളിലെയും വൈസ് ചാൻസർ മുതൽ അദ്ധ്യാപകർ വരെയുള്ള ജീവനക്കാരുടെ യോഗ്യതകളും നിയമനവും സംബന്ധിച്ച് യു.ജി.സി തയ്യാറാക്കിയ കരട് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പുറത്തിറക്കി.
അദ്ധ്യാപകരായി നിയമിക്കാൻ ബിരുദ, ബിരുദാനന്തര. പിഎച്ച്.ഡി, യു.ജി.സി നെറ്റ് എന്നിവയിൽ ഒരേ വിഷയത്തിൽ ബിരുദം വേണമെന്ന നിബന്ധന ഒഴിവാക്കി. ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഒരു വിഷയവും പിഎച്ച്.ഡി, നെറ്റ് ബിരുദങ്ങൾ മറ്റൊരു വിഷയത്തിലുമാണെങ്കിലും പരിഗണിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യത്യസ്‌ത മേഖലകളിൽ വൈദഗ്‌ദ്ധ്യമുള്ള അദ്ധ്യാപകരെ നിയമിക്കുകയാണ് ലക്ഷ്യമെന്ന് യു.ജി.സി ചെയർമാൻ പ്രൊ. എം. ജഗദേഷ് കുമാർ പറഞ്ഞു. പേപ്പറുകൾ പ്രസിദ്ധീകരിക്കൽ തുടങ്ങി അക്കാഡമിക് മികവിന് ഊന്നൽ നൽകും.
കരാർ നിയമനം
ആവശ്യമെങ്കിൽ മാത്രം
ഒഴിവുള്ള അദ്ധ്യാപക തസ്‌തികളിൽ അത്യാവശ്യ സന്ദർഭങ്ങളിൽ ആറു മാസത്തേക്ക് കരാർ നിയമനം നടത്താം. ഒരു അക്കാഡമിക് വർഷത്തേക്ക് മാത്രമായിരിക്കണം നിയമനം. യോഗ്യതകളിലും വേതനത്തിലും വിട്ടുവീഴ്‌ച പാടില്ല.
വിദഗ്‌ദ്ധരെയും പ്രൊഫഷണലുകളെയും മറ്റ് മേഖലകളിൽ നിന്നുള്ളവരെയും പ്രൊഫസർ ഒഫ് പ്രാക്‌ടീസായി നിയമിക്കാം. ഈ നിയമങ്ങൾ ആകെ അനുവദിച്ച തസ്‌തികകളുടെ പത്തു ശതമാനത്തിൽ കവിയരുത്.
അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്മെന്റ് അഖിലേന്ത്യാ പരസ്യം വഴി അപേക്ഷ ക്ഷണിച്ച് സെലക്‌ഷൻ കമ്മിറ്റി വഴി.
പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി, ന്യൂനപക്ഷ, വനിതാ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു അദ്ധ്യാപകൻ സെലക്‌ഷൻ കമ്മിറ്റിയിൽ വേണം.
അസിസ്റ്റന്റ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്‌തികകളിൽ സ്ഥാനക്കയറ്റത്തിന് പിഎച്ച്.ഡി ബിരുദം നിർബന്ധിത യോഗ്യത
ലീവ് അവകാശമല്ല. അടിയന്തര സാഹചര്യങ്ങളിൽ അത് നിരസിക്കാനോ പിൻവലിക്കാനോ ഉള്ള വിവേചനാധികാരം അവധി അനുവദിക്കുന്ന ആൾക്കുണ്ടാകും.
വി.സി നിയമനം:
ഗവർണർ പരമാധികാരി
എം.എച്ച് വിഷ്ണു
തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ്ചാൻസലർ നിയമനങ്ങളിൽ ചാൻസലറായ ഗവർണർക്ക് പൂർണ അധികാരം നൽകി യുജിസിയുടെ കരട് ഭേദഗതി വന്നതോടെ, കേരളത്തിലും വി.സി നിയമനത്തെച്ചൊല്ലിയുള്ള ഗവർണർ-സർക്കാർ പോരിന് അറുതിയായേക്കും.വി.സിയാവാൻ യോഗ്യരെ കണ്ടെത്താനുള്ള സെർച്ച്കമ്മിറ്റി രൂപീകരിക്കാനും വി.സി നിയമനം നടത്താനും ഗവർണർക്കാണ് പരമാധികാരം. യൂണിവേഴ്സിറ്റികളുമായോ കോളേജുകളുമായോ ബന്ധമുള്ള ആരും സെർച്ച്കമ്മിറ്റിയിൽ പാടില്ല. കരട്ചട്ടം അന്തിമമാവുന്നതോടെ യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമായുള്ള സർവകലാശാലാ നിയമങ്ങളും ചട്ടങ്ങളും അസാധുവാകും.ചാൻസലറുടെ പ്രതിനിധിയായിരിക്കണം സെർച്ച്കമ്മിറ്റി അദ്ധ്യക്ഷൻ. സെർച്ച്കമ്മിറ്റി അപേക്ഷകരുടെ ചുരുക്കപ്പട്ടികയുണ്ടാക്കണം. അഭിമുഖം നടത്തി മൂന്നു മുതൽ അഞ്ചു വരെ പേരുകൾ ഗവർണർക്ക് കൈമാറണം. ഇതിൽനിന്ന് ചാൻസലർ വി.സി നിയമനം നടത്തണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |