SignIn
Kerala Kaumudi Online
Saturday, 24 October 2026 4.54 AM IST

ഭൂമി തരംമാറ്റം വേഗത്തിൽ തീർപ്പാക്കണം: മുഖ്യമന്ത്രി

READ ENGLISH VERSION
k

തിരുവനന്തപുരം: വീടുവയ്ക്കാനുള്ള ഭൂമി തരംമാറ്റാനുള്ള അപേക്ഷകളിൽ അതിവേഗം തീരുമാനമുണ്ടാകണമെന്നും നിയമപരമായ തടസങ്ങളുണ്ടെങ്കിൽ അപേക്ഷകരെ അറിയിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിർദ്ദേശം നൽകി. നഗരപരിധിയിൽ അഞ്ചു സെന്റിലും ഗ്രാമങ്ങളിൽ 10 സെന്റിലും വീടു വയ്ക്കുന്നതിന് അപേക്ഷ നൽകിയാൽ പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി അനുവാദം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല കളക്ടർമാരുടെയും വകുപ്പ് മേധാവികളുടെയും വാർഷിക സമ്മേളന സമാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നെൽവയൽ നിയമം വരുംമുമ്പ് പുരയിടമായി പരിവർത്തനംചെയ്ത ഭൂമി തരംമാറ്റുന്നതിന് സാങ്കേതിക തടസങ്ങൾ ഒഴിവാക്കണം. ഫീസ് ഇല്ലാത്ത 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റം വേഗത്തിലാക്കണം. കൃഷി, റവന്യു വകുപ്പുകളുമായി ഏകോപനം വേണം.

ഡിസ്ട്രിക്ട് മൈനിംഗ് ഫണ്ട് ഉപയോഗിച്ച് ജില്ലാതലത്തിൽ കാലാവസ്ഥാ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കണം. അപ്രതീക്ഷിത കാലാവസ്ഥാവ്യതിയാനങ്ങൾ പ്രവചിക്കുന്ന നൂതന ഉപകരണങ്ങൾ സ്ഥാപിക്കണം. സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങൾ സമാഹരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യണം. വന്യമൃഗ ശല്യം നിയന്ത്രിക്കാനുള്ള നടപടികളുണ്ടാവണം. വയനാട് ദുരന്തബാധിതർക്ക് നിർമ്മിക്കുന്ന വീടുകളിൽ പുരപ്പുറ സൗരോർജ്ജ സംവിധാനം സിയാൽ സ്ഥാപിക്കും. ജില്ലയിലെ ഒരു പഞ്ചായത്ത് പൂർണ്ണമായും സൗരോർജ്ജത്തിലേക്ക് മാറ്റി മാതൃകാ സൗരോർജ്ജ പഞ്ചായത്താക്കണമെന്നും ഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ .എൻ ബാലഗോപാൽ, കെ .കൃഷ്ണൻ കുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, ജി .ആർ. അനിൽ, ഡോ. ആർ .ബിന്ദു, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു.

മറ്റു പ്രധാന നിർദ്ദേശങ്ങൾ

1. വിവിധ നിർമ്മാണ പദ്ധതികൾ, റോഡ്, റെയിൽവേ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം

2. സർവ്വേയർ ക്ഷാമം പരിഹരിക്കാൻ വിരമിച്ച ഉദ്യോഗസ്ഥരുടെ സേവനം തേടണം

3. ദേശീയപാതാ വികസനത്തിന് തടസം വരാതെ നടപടികൾ വേഗത്തിലാക്കണം

4. കളക്ടറേറ്റുകളിൽ ഫയൽ തീർപ്പാക്കലിന് സമയപരിധി നിശ്ചയിക്കണം

5. മാലിന്യ നിർമ്മാർജ്ജന, പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കണം

6. പ്രധാന മാർക്കറ്റുകളിൽ വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാൻ നടപടിവേണം

7. ജില്ലകളിൽ റോഡപകടങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA