
കൊല്ലം: കഞ്ചിക്കോട് ബ്രൂവറി,ഡിസ്റ്റിലറി പ്ലാന്റ് ഓയാസിസിന് സ്ഥാപിക്കാൻ അനുമതി നൽകിയ മന്ത്രിസഭാ തീരുമാനത്തിന് പിന്നിൽ അഴിമതി നടന്നതായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കൊല്ലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇൻഡോറിലെ ഓയാസിസ് കൊമേഴ്സ്യൽ കമ്പനിക്കാണ് ബ്രൂവറി സ്ഥാപിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. ഈ കമ്പനിക്ക് എന്തുകൊണ്ട് അനുമതി നൽകിയെന്നും ടെൻഡർ നടപടികളും അവയ്ക്കുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്. നേരത്തേ ബ്രൂവറി നിർമ്മിക്കാൻ അനുവാദം കൊടുത്തപ്പോൾ ശക്തമായ ജനരോഷം ഉണ്ടായതാണ്.
പ്രതിവർഷം കോടിക്കണക്കിന് ലിറ്റർ ഭൂഗർഭ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബ്രൂവറികൾ ജലക്ഷാമം രൂക്ഷമായ പുതുശേരി പഞ്ചായത്തിൽ സ്ഥാപിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്ത് പാരിസ്ഥിതിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്ളാന്റ് സ്ഥാപിക്കാൻ ഒരുങ്ങുന്നത്. ഈ വിഷയത്തിൽ പഠനം നടത്തിയിട്ടുണ്ടോയെന്നും പുതുശേരി പഞ്ചായത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കണം.
2018ൽ ബ്രൂവറിക്കെതിരെ പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രി പറഞ്ഞത് നനയാതെ വിഴുപ്പ് ചുമക്കേണ്ടല്ലോ എന്നാണ്. ഇപ്പോൾ അദ്ദേഹം നനഞ്ഞിട്ടാണോ വിഴുപ്പ് ചുമക്കുന്നതെന്ന് പറയണമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |