
കൊച്ചി: വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർമ്മിച്ചുനൽകുന്ന വീടും നഷ്ടപരിഹാരത്തുകയും അപര്യാപ്തമാണെന്ന വ്യക്തികളുടെ പരാതി ഹൈക്കോടതി തള്ളി. വീട് നിർമ്മിക്കാൻ കൂടുതൽ തുക വേണമെന്ന അവശ്യത്തെ വിമർശിച്ച കോടതി ഇത് ജീവകാരുണ്യ പദ്ധതിയാണെന്നും ആർഭാടമല്ലെന്നും വ്യക്തമാക്കി.
കാര്യങ്ങൾ അറിയിക്കാൻ അമിക്കസ്‌ക്യൂറിയുണ്ട്. വ്യക്തികൾ ഹാജരായി ആവശ്യങ്ങൾ ഉന്നയിക്കാൻ പഞ്ചായത്ത് സഭയല്ല കോടതി. സർക്കാരിന് എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ കോടതി ഇടപെടും. വ്യക്തികൾ ആശങ്കപ്പെടേണ്ടതില്ല. ബൈജു മാത്യൂസ്, സാബു സ്റ്റീഫൻ എന്നിവരുടെ പരാതികൾ തള്ളിക്കൊണ്ടാണ് കോടതിയുടെ രൂക്ഷവിമർശനം.
വ്യക്തി താത്പര്യങ്ങളെക്കാൾ മനുഷ്യത്വപരമായ പ്രായോഗികതയ്‌ക്കാണ് പ്രാധാന്യമെന്ന് ജസ്റ്റിസ് ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എസ്.ഈശ്വരൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. സുരക്ഷിത ജീവിത സാഹചര്യമൊരുക്കാനാണ് സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതി.
ലഭ്യമായ തുകയും ഭൂമിയും അർഹരായവർക്ക് തുല്യമായി വീതിച്ചുനൽകുകയാണ് സർക്കാർ ചെയ്യുന്നത്. മുൻ ദുരന്തങ്ങളിൽ നിർമ്മിച്ചുനൽകിയ വീടുകൾക്ക് ഉറപ്പില്ലെന്നും ചോർച്ചയുണ്ടെന്നുമുള്ള പരാതിക്കാരുടെ വാദവും അംഗീകരിച്ചില്ല. കേസ് വീണ്ടും 31ന് പരിഗണിക്കും.
സർക്കാർ തീരുമാനം
പ്രായോഗികം
1.ടൗൺഷിപ്പിൽ 10 ലക്ഷത്തിന്റെ വീടോ 15 ലക്ഷംരൂപ നഷ്ടപരിഹാരമോ നൽകാനുള്ള തീരുമാനം പ്രായോഗികമാണ്. ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെങ്കിൽ സ്വന്തം നിലയ്ക്കു വാങ്ങാൻ 15 ലക്ഷം നൽകും. മറ്റ് ദുരന്തമേഖലകളിലുള്ളവർക്കും പുനരധിവാസമൊരുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ടെന്ന് ഓർക്കണമെന്നും കോടതി
2.ദുരന്തമേഖലയിൽ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയെന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. ഏതാനും വ്യക്തികൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ല. ദുരന്തത്തിൽ വീടും കൃഷിയുമൊക്കെ നശിച്ചെങ്കിലും ആ ഭൂമി ഉടമസ്ഥർക്കു തന്നെയാണ്
3.ടൗൺഷിപ്പ് നിർമ്മിക്കാനുള്ള കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയതിൽ തെറ്റില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടിയെന്ന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്
റിപ്പോർട്ട് സമർപ്പിച്ചു
ടൗൺഷിപ്പ് പദ്ധതിയുടെ റിപ്പോർട്ട് സർക്കാർ സമർപ്പിച്ചു. എൽസ്റ്റോൺ എസ്റ്റേറ്റിൽ അഞ്ചുസെന്റ് വീതം സ്ഥലത്ത് 467 വീടുകളും നെടുമ്പാല എസ്റ്റേറ്റിൽ 10 സെന്റ് വീതം സ്ഥലത്ത് 266 വീടുകളുമാണ് നിർമ്മിക്കുക. വീട് ആവശ്യമില്ലെങ്കിൽ 15 ലക്ഷം രൂപ. ഇത് ആവശ്യമില്ലാത്ത ഗോത്രവിഭാഗക്കാർക്ക് വനാതിർത്തിക്കു സമീപം പുഴയോരത്തുള്ള സ്ഥലം അനുവദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |