
# നേതാക്കളുടെ തമ്മിലടിയെച്ചൊല്ലി ചൂടേറിയ വാഗ്വാദം
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നലെ ചേർന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ചൂടേറിയ വാദ പ്രതിവാദങ്ങൾക്ക് വേദിയായി. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റുന്ന പ്രശ്നവും മുഖ്യമന്ത്രി പദവുമായി ബന്ധപ്പെടുത്തി ചില നേതാക്കൾ ഉയർത്തിയ അനാവശ്യ ചർച്ചകളുമാണ് പ്രധാനമായും ചൂട് പകർന്നത്. പാർട്ടി പുനഃസംഘടനയും ചർച്ചയായി. ഉച്ച കഴിഞ്ഞ് രണ്ടരയോടെ തുടങ്ങിയ യോഗം രാത്രി 9 വരെ നീണ്ടു. എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.
മൂന്നാമത് ഒരിക്കൽക്കൂടി പ്രതിപക്ഷ ബെഞ്ചിലിരിക്കാനാവില്ലെന്ന് ഒരു എം.എൽ.എ തുറന്നടിച്ചു. ഇപ്പോഴത്തെ നിലയിൽ പോയാൽ വീണ്ടും ഇതേ അവസ്ഥയുണ്ടാകും. അതിനാൽ അത്തരം അസ്വാരസ്യങ്ങൾ ഒഴിവാക്കണം.. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ വ്യത്യാസങ്ങൾ പരസ്പര ചർച്ചകളിലൂടെ
പരിഹരിക്കണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ട ഇടപെടൽ നടത്താൻ ദീപാദാസ് മുൻഷിയെ ചുമതലപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ അഭിപ്രായ ഭിന്നതകളില്ലാതെ യോജിച്ച് പോകണമെന്ന അഭിപ്രായമാണ് പി.ജെ.കുര്യനടക്കം മുതിർന്ന നേതാക്കൾ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കം പാർട്ടി പ്രവർത്തകർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും,. അത്തരം അനാവശ്യ ചർച്ചകൾ ഒഴിവാക്കണമെന്നും കുര്യൻ പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനാ ചർച്ചകൾ നീട്ടിക്കൊണ്ടു പോകരുതെന്നും അഭിപ്രായമുയർന്നു. മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച അനവസരത്തിലെ ചർച്ചകളെ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷ അംഗങ്ങളും വിമർശിച്ചു. ഒറ്റക്കെട്ടായി യോജിച്ച് തിരഞ്ഞെടുപ്പിനെ നേരിടണം. കെ.പി.സി.സി പുനഃസംഘടനയിൽ വ്യക്തമായ നിലപാട് വേണം. അതനുസരിച്ച് നടപടികൾ വേഗത്തിലാക്കണം. രാഷ്ട്രീയകാര്യസമിതി യോഗം മാസത്തിൽ ഒരു വട്ടം ചേരണമെന്ന ആവശ്യവും ഉയർന്നു. താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു വേണം നേതാക്കൾ പ്രവർത്തിക്കേണ്ടതെന്ന് ദീപാദാസ് മുൻഷി പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിക്കാൻ ഇന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും, പ്രതിപക്ഷനേതാവ് വി.ഡി.സതീശനും സംയുക്ത വാർത്താസമ്മേളനം നടത്തും.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. സാധാരണ പ്രവർത്തകർക്ക് തിരഞ്ഞെടുപ്പുരംഗത്ത് പങ്കെടുക്കാനുള്ള അവസരമാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പെന്നും അതുകൊണ്ടുതന്നെ ഏറ്റവും ഊർജ്ജസ്വലമായി രംഗത്തിറങ്ങേണ്ട സന്ദർഭമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവാദമായിട്ടുള്ള കഞ്ചിക്കോട് മദ്യനിർമ്മാണശാല വിഷയവും യു.ഡി.എഫിൽ തൃണമൂൽ കോൺഗ്രസിനെ കക്ഷിയാക്കണമെന്നുള്ള പി.വി.അൻവറിന്റെ കത്തും യോഗത്തിൽ വന്നെങ്കിലും കാര്യമായ ചർച്ചയുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |